
കണ്ണൂർ: കണ്ണൂരിലെ പൊലീസ് ക്വട്ടേഷൻ.മാഫിയ സംഘങ്ങൾക്ക് കുഴലൂത്ത് നടത്തുന്നുവെന്ന് ഇന്നലെ ചേർന്ന എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റി യോഗത്തിൽ ആരോപണം. പൊലീസ് സേനയ്ക്ക് തന്നെ അപമാനമായ ചിലരാണ് കണ്ണൂരിലെ പൊലീസിന്റെ തലപ്പത്തുള്ളതെന്ന് ചൂണ്ടിക്കാട്ടി രൂക്ഷമായ വിമർശനമാണ് ചില അംഗങ്ങൾ ഉയർത്തിയത്.
സ്വകാര്യ സ്കൂൾ സമരവുമായി ബന്ധപ്പെട്ട് സ്‌കൂളിലേക്ക് നടത്തിയ മാർച്ചിലും ഡി.ഡി. ഓഫീസിലേക്ക് നടത്തിയ മാർച്ചിലും എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.രജീഷ്, ജില്ലാ സെക്രട്ടറി കെ.വി. സാഗർ എന്നിവരോട് പൊലീസ് വളരെ മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഡി.ഡി.ഓഫീസ് സമരത്തിനിടെ ജില്ലാകമ്മറ്റി അംഗം എം.അഗേഷിനെ തള്ളിയിട്ട് കൈ പൊട്ടിച്ചതടക്കം വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും മാസപ്പടി പറ്റുന്ന ഗൂഢ സംഘമായി പൊലീസ് മാറിയെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും യോഗത്തിൽ വിമർശനമുയർന്നു.
എൽ.ഡി.എഫ് സർക്കാറിന്റെ ഭരണത്തിൽ ക്രിമിനലുകൾക്കും ലോട്ടറി മാഫിയ സംഘങ്ങൾക്കും ലഹരി മാഫിയകൾക്കും തണൽ നൽകുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നു ഇവർ ജില്ലയിൽ അഴിഞ്ഞാടുകയാണെന്നു മെമ്പർമാർ കുറ്റപ്പെടുത്തി സ്വർണ്ണ കടത്ത് ക്വട്ടേഷൻ മാഫിയ സംഘങ്ങൾക്ക് പോലീസ് സഹായം ലഭിക്കുന്ന നിരവധി തെളിവുകൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും കമ്മിറ്റി അംഗങ്ങൾ ഉയർത്തി.