
പ്രാദേശിക നേതൃത്വം അവഗണിച്ച വിഷയങ്ങളിൽ രോഷപ്രകടനം
കണ്ണൂർ: നേതൃത്വം അവഗണിച്ച പ്രാദേശിക വിഷയങ്ങൾ ബ്രാഞ്ച് സമ്മേളനങ്ങളെ പ്രക്ഷുബ്ധമാക്കുന്നു. നേതൃത്വം ചർച്ചകളിലൂടെ പരിഹരിച്ച വിഷയങ്ങൾ അടക്കം വീണ്ടുമുയർത്തിയാണ് പ്രതിനിധികളുടെ സമ്മർദ്ദ തന്ത്രം. പാർട്ടി ശക്തി കേന്ദ്രമായ കണ്ണൂരിൽ മിക്ക ബ്രാഞ്ച് സമ്മേളനങ്ങളിലും ഈ പ്രവണത പ്രകടമാണ്.
അങ്കൻവാടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഉത്സവങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ , വഴിത്തർക്കങ്ങൾ എന്നിങ്ങനെ പല വിഷയങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ മുടങ്ങുന്ന സ്ഥിതി വരെയുണ്ടായി. പാർട്ടിയുടെ ശക്തികേന്ദ്രമായ മൊറാഴയിലെ അഞ്ചാംപീടിക ബ്രാഞ്ചിൽ പ്രതിനിധികളിൽ ഒരാൾ പോലും എത്താതെ സമ്മേളനം മുടങ്ങിയത് അങ്കണവാടിയിലെ ഹെൽപർ കുട്ടിയെ അടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിലാണ്. പാർട്ടി സംസ്ഥാനസെക്രട്ടറിയുടെ സ്വന്തം നാട്ടിൽ ബ്രാഞ്ച് സെക്രട്ടറിയും പതിനാല് അംഗങ്ങൾ സമ്മേളനം ബഹിഷ്കരിച്ചത് അദ്ദേഹത്തിനും നാണക്കേടായി. മറ്റൊരു ശക്തി കേന്ദ്രമായ പയ്യന്നൂരിലും സമാന സ്ഥിതിയാണ്. ആരോപണ, പ്രത്യാരോപണങ്ങളാൽ കലുഷിതമായ ചർച്ചയ്ക്കൊടുവിൽ പല ബ്രാഞ്ച് സമ്മേളനങ്ങളും അർദ്ധരാത്രിയോടെയാണ് സമാപിക്കുന്നത്. സമ്മേളനം ലോക്കൽ തലത്തിലേക്ക് കടക്കുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുമെന്നതിനാൽ നേതൃത്വം ജാഗ്രത പാലിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നിരുന്നു.
ചർച്ചകളിൽ 'വ്യക്തി വൈരാഗ്യവും"
കണ്ണൂരിൽ പാർട്ടിക്ക് മുന്നിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം. വ്യക്തി വൈരാഗ്യം തീർക്കാനുളള വേദിയാക്കരുതെന്ന നേതൃത്വത്തിന്റെ മുന്നറിയിപ്പ് പ്രതിനിധികൾ പാലിക്കുന്നില്ലെന്നാണ് വിവിധ സമ്മേളനങ്ങളിലെ അനുഭവങ്ങൾ. പ്രാദേശിക ഗ്രൂപ്പുവഴക്കുകളുടെ പേരിൽ പാർട്ടി ഗ്രാമങ്ങളിൽ അണികൾ തമ്മിൽ ചേരിതിരിയുന്നതും നേതൃത്വത്തിനെതിരെ കലാപമുയർത്തുന്നതും നേതൃത്വത്തെ അമ്പരപ്പിക്കുന്നുണ്ട്.
ചർച്ചകളിൽ നിറഞ്ഞ് ഇ.പി
ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കം ചെയ്തത് സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇ.പിക്കെതിരെയുളള പാർട്ടി നടപടി വൈകിയെന്നാണ് പലയിടത്തുമുയർന്ന വിമർശനം. ലോക് സഭ തിരഞ്ഞെടുപ്പ് തോൽവിയുടെ പിറ്റേ ദിവസം തന്നെ നടപിയെടുക്കണമെന്നായിരുന്നു ചില അഭിപ്രായങ്ങൾ. നടപടിയെ അനുകൂലിക്കുന്നതിനൊപ്പം മറ്റു ചില നേതാക്കൾക്കും മുതലാളിമാരുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ഇ.പിയെ അനുകൂലിച്ചു സംസാരിക്കുന്നവരുടെ എണ്ണം പൊതുവേ കുറവാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാരിനും പാർട്ടിക്കുമെതിരെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്.