
കണ്ണൂർ: വേണ്ടത്ര ഉറപ്പുണ്ടെന്ന് തെളിയിക്കുന്ന ബലപരീക്ഷണം വിജയകരമായാൽ മലബാറിന്റെ ചരിത്രത്തിന് സാക്ഷിയായ തലശ്ശേരി പഴയ മൊയ്തുപാലം കേന്ദ്രീകരിച്ച് വമ്പൻ ബ്രിഡ്ജ് ടൂറിസം സർക്യൂട്ട് പ്രഖ്യാപിച്ചേക്കും. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഉപയോഗരഹിതമായ പാലങ്ങൾ ടൂറിസത്തിന് ഉപയോഗപ്പെടുത്തുന്ന പദ്ധതി നേരത്തെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
തലശ്ശേരിക്കും കണ്ണൂരിനുമിടയിലെ പഴയ മൊയ്തു പാലം ഉപയോഗപ്പെടുത്തി ധർമ്മടം മേഖലയിൽ ടൂറിസം സർക്യൂട്ടിന് തുടക്കമിടുന്നതിന്റെ പരിശോധന അന്തിമഘട്ടത്തിലാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മൊയ്തുപാലം കാലഹരണപ്പെട്ടതോടെയാണ് ധർമ്മടം പുഴക്ക് കുറുകേ മൊയ്തുപാലത്തിന് സമാന്തരമായി പുതിയ പാലം പണിതത്. പത്ത് വർഷമായി പഴയ പാലം ഉപയോഗ ശൂന്യമാണ്.
ബലപരീക്ഷണം കടമ്പ
ബലമുള്ള ഇരുമ്പു ഗർഡറുകൾക്കും ബാറുകൾക്കും കേടില്ലെങ്കിലും അടിഭാഗത്തിന്റെ ബലം അറിയേണ്ടതുണ്ട്.കേരളാ ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദഗ്ധരാണ് പാലത്തിന്റെ ബലം പരിശോധിക്കുന്നത്. നാല്പ്പത് മീറ്റർ നീളത്തിൽ നാല് സ്പാനുകളാണ് മൊയ്തു പാലത്തിനുളളത്.ഇതിൽ ഓരോ സ്പാനുകളിലും 2200 ചാക്കുകളിൽ മണൽ നിറച്ചാണ് ഭാരം പരിശോധിക്കുന്നത്. പരിശോധന റിപ്പോർട്ട് ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കും. തുടർന്ന് പാലം ബലപ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. എത്ര ഭാരം താങ്ങാൻ കഴിയുമെന്നാണ് ഇതിലൂടെ തെളിയേണ്ടത്.
ചരിത്രം സഞ്ചരിച്ച മൊയ്തു പാലം
1930ലാണ് അഞ്ചരക്കണ്ടിപ്പുഴയ്ക്കു കുറുകെ ബ്രിട്ടീഷുകാർ പാലം നിർമ്മിച്ചത്. അൻപത് വർഷമാണ് കാലാവധി പറഞ്ഞത്. 2016ൽ പുതിയ പാലം ഉദ്ഘാടനം ചെയ്യുന്നതുവരെയായി 86 വർഷത്തോളം നിലനിന്നു. പുഴയിലെ ശക്തമായ അടിത്തറയിൽ സുർക്കയും ചുണ്ണാമ്പും ചേർന്ന മിശ്രിതത്തിൽ നാല് കരിങ്കൽത്തൂണുകൾ, മുകളിൽ ഗർഡറുകളും ബെയറിംഗും സ്ലാബും ഏറ്റവും മുകളിൽ നാല് ഉരുക്കു കമാനങ്ങളുമാണ് പാലത്തിനുള്ളത്. താഴത്തെ ഗർഡറുകളും മുകളിലുള്ള കമാനങ്ങളും തുല്യമായി ഭാരം പങ്കിടുന്ന സാങ്കേതികവിദ്യയാണ് നിർമ്മാണത്തിൽ പാലിച്ചത്.മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന തലശ്ശേരിതയ്യിലക്കണ്ടി മുക്കാട്ടിൽ തറവാട്ടംഗം ഖാൻ സാഹിബ് ടി.എം.മൊയ്തുവിന്റെ മേൽനോട്ടത്തിലായിരുന്നു പാലം നിർമ്മാണം. 1930 ഒക്ടോബർ 18ന് മദ്രാസ് ഗവർണർ സർ ജോർജ് സ്റ്റാൻലിയാണ് തുറന്നുകൊടുത്തത്.
സംസ്ഥാനത്ത് ഉപയോഗപ്പെടുത്താൻ 50 പാലങ്ങൾ
ബ്രിഡ്ജ് ടൂറിസം
ലോകരാജ്യങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ച ബ്രിഡ്ജ് ടൂറിസം നിലവിൽ കേരളത്തിന് പരിചയമില്ലാത്ത മേഖലയാണ്.പാലങ്ങൾ വിനോദസഞ്ചാരകേന്ദ്രമാക്കുന്ന പദ്ധതി. പ്രശസ്തമായ പല നദികളുടെ ചരിത്രപ്രാധാന്യമുള്ള പാലങ്ങൾ കേന്ദ്രീകരിച്ച് തിരക്കേറിയ ടൂറിസം കേന്ദ്രങ്ങൾ നിലനിൽക്കുന്നുണ്ട് .അതിമനോഹരമായ നദീതീരക്കാഴ്ചയും പ്രകൃതിരമണീയതയുമെല്ലാം ഇതിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.