alakode
ആലക്കോട് ബസ് സ്റ്റാൻഡ് വാർത്ത

ആലക്കോട്: മൂന്ന് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച ആലക്കോട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ സ്ഥിരമായി കയറുന്നതിന് കാലാകാലങ്ങളിൽ അധികൃതർ എടുക്കുന്ന തീരുമാനങ്ങൾ കടലാസിൽ ഉറങ്ങുമ്പോൾ വീണ്ടും ഗതാഗത പരിഷ്‌കരണവുമായി ആലക്കോട് പഞ്ചായത്ത്. ആലക്കോട് പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങളിൽ മിക്കവയും വർഷങ്ങൾക്കു മുമ്പേ ഹൈക്കോടതി സ്റ്റേ ഉത്തരവ് ഉള്ളതും ബസ് ജീവനക്കാരുടെയും യൂണിയൻ നേതാക്കളുടെയും നിസ്സഹകരണം മൂലം പരാജയപ്പെട്ടവയുമാണ്.
കെ.എസ്.ആർ.ടി.സി.ഉൾപ്പെടെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളും രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയുള്ള സമയങ്ങളിൽ എല്ലാ ട്രിപ്പുകളും പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കയറണമെന്നതാണ് പ്രധാന തീരുമാനം. നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ നിറുത്തിയിടാൻ പാടില്ല എന്നതും എടുത്തുപറയേണ്ട തീരുമാനമാണ്. കച്ചവട സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാനായി വാഹനങ്ങൾ റോഡരികിൽ നിറുത്തിയിടുന്നത് 20 മിനിറ്റ് എന്നതും മുമ്പ് തന്നെ നടപ്പിലാക്കിയിരുന്നതും പല കോണുകളിൽ നിന്നുള്ള സമ്മർദ്ദങ്ങളെ ത്തുടർന്ന് പൊലീസ് നിറുത്തി വെച്ചതുമായ നടപടിയാണ്.

നിരവധി തവണ നടപ്പിലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പരിഷ്‌ക്കാരം പ്രായോഗികമായ മാറ്റങ്ങളോടെ നടപ്പിലാക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.

കുരുക്കിലാക്കരുത് തീരുമാനങ്ങൾ
മെയിൻ റോഡിൽ നിന്നും 200 മീറ്റർ മാറിയുള്ള പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവാണ് എന്നതിനാലാണ് ബസുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കുന്നത്. ആലക്കോട് നിന്നും തളിപ്പറമ്പ്, ഇരിട്ടി റൂട്ടുകളിലേയ്ക്ക് പോകുന്ന ബസുകൾ ന്യൂബസാറിൽ നിന്നും ബസ് സ്റ്റാൻഡിൽ എത്തിയ ശേഷം അതാത് റൂട്ടിൽ സർവീസ് നടത്തുക. ഇതിനൊപ്പം തളിപ്പറമ്പ്, ഇരിട്ടി ഭാഗത്ത് നിന്നും വരുന്ന ബസുകൾ ന്യൂബസാറിൽ നിന്നും ബസ് സ്റ്റാൻഡിൽ എത്തി പെരുനിലം റോഡിൽ കൂടി മെയിൻ റോഡിൽ എത്തിയശേഷം യാത്ര തുടരുകയെന്നതാണ് പ്രായോഗികമായ നടപടി. എന്നാൽ എല്ലാ ബസുകളും ന്യൂബസാറിൽ നിന്നും പഞ്ചായത്ത് ബസ് സ്റ്റാൻഡിലേയ്ക്കും തിരിച്ചും സർവീസ് നടത്തുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനേ ഉപകരിക്കുകയുള്ളൂ.