പരിയാരം: ചാച്ചാജി വാർഡ് പൊളിക്കുന്നതിന് ജില്ലാ കളക്ടറുടെ വിലക്ക്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വാർഡ് കൈയേറി ബാങ്കിംഗ് സ്ഥാപനം നടത്താനുള്ള സി.പി.എം സൊസൈറ്റിയുടെ ശ്രമമാണ് അടുത്ത ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം ചേരുന്നതുവരെ എച്ച്.എം.സി ചെയർമാൻ കൂടിയായ കണ്ണൂർ ജില്ലാ കളക്ടർ നിർത്തിവെക്കാൻ ഉത്തരവ് നൽകിയത്. 1960 ൽ സ്വാതന്ത്ര്യ സമരസേനാനി കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പൻ നിർമ്മിച്ചുനൽകിയ ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മക്കായി പണിത ചാച്ചാജി വാർഡാണ് സി.പി.എം സൊസൈറ്റിയായ പാംകോസ് അനുമതിയില്ലാതെ കൈയേറിയതായി പരാതിയുള്ളത്. എച്ച്.എം.സി അംഗവും ഡി.സി.സി ജന.സെക്രട്ടറിയുമായ അഡ്വ.രാജീവൻ കപ്പച്ചേരിയുടെ നേതൃത്വത്തിൽ ഇതിനെതിരെ നടത്തിയ ഇടപെടലിനെ തുടർന്നാണ് കളക്ടറുടെ അടിയന്തര ഉത്തരവ് ലഭിച്ചത്. എതിർപ്പിനിടയിലും പാർട്ടി പ്രവർത്തകരുടെ കാവലിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു.