
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ചാച്ചാജി വാർഡ് ഉദ്ഘാടന ശിലാഫലകത്തിലെ കെ.കേളപ്പന്റെ പേര് മായ്ച്ചുകളഞ്ഞ നിലയിൽ.കറുത്ത അക്ഷരത്തിൽ വളരെ വ്യക്തമായി കാണപ്പെട്ടിരുന്ന കേളപ്പന്റെ പേര് മനപൂർവം ചുരണ്ടി മാറ്റിയതാണെന്ന് വ്യക്തമാകുന്നതായി പ്രതിപക്ഷ സർവീസ് സംഘടനാ ഭാരവാഹികളുടെ ആരോപണം.
മെഡിക്കൽ കോളേജ് നിലവിൽ വരുന്നതിന് മുമ്പ് ഇവിടെയുണ്ടായിരുന്ന ടി.ബി.സാനിട്ടോറിയത്തിൽ 50 കുട്ടികൾക്ക് കിടക്കാനുള്ള വാർഡും അവരുടെ അമ്മമാർക്ക് വിശ്രമിക്കാനായി വാർഡിന് പുറത്ത് പ്രത്യേക കെട്ടിടവും കെ.കേളപ്പൻ സ്വന്തമായി നിർമ്മിച്ച് സാനിട്ടോറിയത്തിന് നൽകിയതാണ്.
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പിരിവുനടത്തിയും സ്വന്തം വസ്തുവകകൾ വിറ്റുമാണ് ഇതിനായി കേളപ്പൻ തുക കണ്ടെത്തിയത്. 64 വർഷം കഴിഞ്ഞിട്ടും ചോർച്ചപോലുമില്ലാത്ത കെട്ടിടം കേളപ്പജിയുടെ സ്മാരകമായി സംരക്ഷിക്കണമെന്നാണ് പ്രതിപക്ഷ സർവീസ് സംഘടന പ്രവർത്തകർ ആവശ്യപ്പെടുന്നത്.