കണ്ണൂർ: സ്ത്രീസൗഹൃദ പൊതുശൗചാലയങ്ങളോട് മുഖം തിരിച്ച് തദ്ദേശസ്ഥാപനങ്ങൾ. ജില്ലയിൽ 19 സ്ഥലങ്ങളിൽ സ്ത്രീ സൗഹൃദ പൊതുശൗചാലയം നിർമ്മിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല. ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തുന്ന സ്ത്രീകൾ ഇതു കാരണം നേരിടുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. നിലവിലുള്ളവ ശരിയായ രീതിയിൽ പരിപാലിക്കാത്തതും പദ്ധതി തകിടം മറിക്കുകയാണ്.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 194 തദ്ദേശസ്ഥാപനങ്ങളിലെ പൊതുസ്ഥലങ്ങളിൽ ഇപ്പോഴും സ്ത്രീ സൗഹൃദ പൊതു ശൗചാലയങ്ങൾ ഇല്ല. ഒരു മുൻസിപ്പാലിറ്റി അനുയോജ്യവും സൗകര്യപ്രദവുമായ സ്ഥലങ്ങളിൽ ആവശ്യത്തിന് പൊതുശൗചാലയങ്ങൾ സ്ഥാപിക്കുകയും കൃത്യമായി പരിപാലിക്കണമെന്നുമാണ് നിയമമെങ്കിലും പലയിടങ്ങളിലും അധികൃതർക്ക് ഇത് പാലിക്കുന്നില്ല.
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചത്. ഗ്രാമപഞ്ചായത്ത്, കോർപറേഷൻ, പഞ്ചായത്ത് എന്നിവിടങ്ങളിലായി 1842 ശുചിമുറികൾ നിർമ്മിക്കാനാണ് ലക്ഷ്യം വച്ചതെങ്കിലും നിലവിൽ 549 എണ്ണത്തിന്റെ മാത്രമാണ് ഉദ്ഘാടനം കഴിഞ്ഞത്. എന്നാൽ ഇതിൽ ഭൂരിഭാഗവും പ്രവർത്തിക്കാത്ത അവസ്ഥയിലാണ്. നിർമ്മാണം പൂർത്തിയായിട്ടും വാട്ടർ കണക്ഷൻ, വൈദ്യുതി എന്നിവ ലഭിക്കാത്ത പ്രശ്നങ്ങളുണ്ട്. കുടുംബശ്രീ, ദേശസ്ഥാപനങ്ങൾ, സ്വകാര്യ ഏജൻസി, മറ്റ് വകുപ്പുകൾ എന്നിവയാണ് ഇവയുടെ പ്രവർത്തനങ്ങൾ പരിപാലിക്കുന്നത്. വരുമാനമില്ല എന്ന കാരണം പറഞ്ഞ് കരാർ ഏറ്റെടുത്തവർ ചില കേന്ദ്രങ്ങൾ ഉപേക്ഷിച്ചിട്ടുമുണ്ട്. കാലം എത്ര മാറിയാലും പൊതുയിടങ്ങളിൽ സ്ത്രീ സൗഹൃദ ശൗചാലയങ്ങൾ സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ അലംഭാവം കാണിക്കുകയാണ്. യാത്ര ചെയ്യുന്നവർ ശങ്ക തീർക്കണമെങ്കിൽ പെട്രോൾ പമ്പുകളെയും ഹോട്ടലുകളെയും തന്നെയാണ് ഇപ്പോഴും കൂടുതലും ആശ്രയിക്കുന്നത്.
ബ്രേക്കായി 'ടേക്ക് എ ബ്രേക്ക്'
കേരളത്തിന്റെ സമഗ്ര ശുചിത്വ വികസനം ലക്ഷ്യമിട്ട് ശുചിത്വമിഷൻ ആവിഷ്‌കരിച്ച 'ടേക്ക് എ ബ്രേക്ക്' ശുചിമുറി സമുച്ചയ പദ്ധതിയും പലയിടത്തും പാതിയിൽ നിലച്ചമട്ടിലാണ്. ദേശീയ - സംസ്ഥാന പാതയോരങ്ങൾ, ബസ് സ്റ്റേഷനുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങി ജനങ്ങൾ ഒരുമിച്ചെത്തുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞശേഷം പലതും അടച്ചിട്ട അവസ്ഥയിലാണ്.
കണ്ണൂരിൽ 19,
കാസർകോട്ട് 12
സംസ്ഥാനത്തെ പ്രധാന നഗരമായ എറണാകുളത്ത് 79ഉം കൊല്ലത്ത് 40ഉം പൊതുശൗചാലയങ്ങൾ നിർമ്മിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. മലപ്പുറത്ത് 24, കണ്ണൂരിൽ 19, കാസർകോട്ട് 12, തിരുവനന്തപുരത്തും ആലപ്പുഴയിലും 10 വീതം എന്നിങ്ങനെയും വേണം. എറണാകുളത്താണ് ശൗചാലയങ്ങൾ നിർമ്മിക്കാൻ ബാക്കിയുള്ള സ്ഥലങ്ങൾ ഏറെയുള്ളത്. കണ്ണൂരിൽ നിർദ്ദേശിക്കപ്പെട്ട 19 എണ്ണത്തിനും ഇതുവരെ നടപടികളൊന്നും തുടങ്ങിയിട്ടില്ല.