പാലക്കുന്ന്: ചത്ത ജീവിയുടെ അസഹനീയ ദുർഗന്ധം മൂലം പൊറുതി മുട്ടിയ പരിസരവാസികൾ അന്വേഷിച്ച് ചെന്നെത്തിയത് നായ ചത്തു പൊങ്ങി കിടക്കുന്ന കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പരിധിയിലെ കിണർ. ജീവനക്കാർ ബ്ലീച്ചിംഗ് പൊടിയും മറ്റും വിതറി താത്ക്കാലിക ശമനമാക്കിയെങ്കിലും പരിഹാരമായില്ല. കോട്ടിക്കുളം റെയിൽവേ വകയിൽ കൊടും വേനലിൽ പോലും വറ്റാത്ത മൂന്ന് കിണറുകൾ പതിറ്റാണ്ടുകളായി ഉണ്ടായിരുന്നുവെന്ന് നാട്ടുകാരും റെയിൽവേക്കാരും പറയുന്നു. ഒരു കാലത്ത് നാട്ടിലെ മുഖ്യ ജലസ്രോതസ്സായിരുന്നു ഈ കിണറുകൾ. പലരും മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുപ്പതൊട്ടിയാക്കിയ അതിലെ ഒരു കിണർ റെയിൽവേ വർഷങ്ങൾക്കു മുൻപേ മൂടിയിരുന്നു .ഇപ്പോൾ നായ ചത്തുകിടക്കുന്ന കിണറും ഉപയോഗിക്കാറില്ലെന്നാണ് റെയിൽവേ ജീവനക്കാർ പറയുന്നത് . നൂറ്റാണ്ടോളം പഴക്കമുള്ള ഈ കിണർ പൂർണമായും വൃത്തിയാക്കിയാൽ വേനൽക്കല ജലക്ഷാമത്തിന് ശമനമുണ്ടാക്കാനാവുമെന്നാണ് നാട്ടുകാരുടെ പക്ഷം. നിലവിൽ മൂന്നാമത്തെ കിണറാണ് റെയിൽവേ അവരുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. മറ്റു രണ്ടു കിണറുകളുടെയും അവസ്ഥ മൂന്നാമത്തെതിനും ഉണ്ടാവരുതേ എന്നാണ് പലരും പറയുന്നത്.