ചെറുവത്തൂർ: കാടങ്കോട് കാവുംചിറ പഴയ ഹാർബറിന് സമീപത്തെ സി.എ കണ്ണൻ -കെ.വി ജാനകി ദമ്പതികളുടെ മകൻ പ്രകാശനെ (32) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രകാശൻ എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കാടങ്കോട് വായനശാലയോട് ചേർന്ന മുറിയിൽ നിന്നാണ് ഒരു ഷീറ്റ് വെള്ളപേപ്പറിൽ എഴുതി ചുരുട്ടി വച്ചിരുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. പ്രീയപ്പെട്ട ചേച്ചിയും അച്ഛനും അമ്മയും അറിയുന്നതിന് എന്ന് തുടങ്ങിയ കത്തിൽ എനിക്ക് ഒന്നും അറിയില്ലെന്നും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മടിവയലിലെ സ്ത്രീയും കൂട്ടരും എന്നെ ചതിച്ചതാണെന്നും എന്റെ മരണത്തിന് ഉത്തരവാദി ഈ സ്ത്രീയാണെന്നും പേരുസഹിതം പ്രകാശൻ എഴുതിവെച്ചിട്ടുണ്ട്. ഞാൻ പോവുകയാണെന്നും കത്ത് പൊലീസിന് നൽകണമെന്നും എഴുതിയിരുന്നു.
ശനിയാഴ്ച സംസ്‌ക്കാര ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം ഞായറാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച മുറി സുഹൃത്തുക്കൾ തുറന്ന് നോക്കിയത്. കേസ് അന്വേഷിക്കുന്ന ചന്തേര എസ്.ഐ സതീഷ് കുമാർ വർമ്മയും സംഘവും സംഭവസ്ഥലം പരിശോധിക്കാൻ ഇന്നലെ രാവിലെ എത്തിയപ്പോൾ ഈ കുറിപ്പ് സുഹൃത്തുക്കൾ എസ്. ഐക്ക് കൈമാറുകയായിരുന്നു. വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും എസ്.ഐയും സംഘവും മൊഴിയെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് പ്രകാശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മടക്കര ഹാർബറിൽ നിന്ന് മീൻ എടുത്ത് വില്പന നടത്തുന്ന മൂന്ന് പേർ ചേർന്നുള്ള മത്സ്യ വില്പന ഏജൻസി നടത്തിപ്പുകാരൻ ആയിരുന്നു പ്രകാശൻ. മീൻ നൽകിയ വകയിൽ കിട്ടാനുണ്ടായിരുന്ന പണം ചോദിച്ചതിന് ഭർതൃമതിയായ സ്ത്രീ വ്യാജ പരാതി നൽകി പൊലീസ് കേസിൽ കുടുക്കാൻ ശ്രമിക്കുകയും ഒത്തുതീർക്കാൻ രണ്ടര ലക്ഷം രൂപ ചോദിക്കുകയും ചെയ്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. കേസിൽ ചന്തേര പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.