കാസർകോട്: കാട്ടിൽ നിന്നും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കുകയും ജനങ്ങളിൽ ഭീതി വളർത്തുകയും ചെയ്യുന്ന പുലിയെ കൂടുവെച്ച് പിടിക്കാൻ നാല് ആധുനിക ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ്. പുലിയുണ്ടെന്ന് കണ്ടാൽ എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ ഡി.എഫ്.ഒ ചെയർമാനായി കമ്മിറ്റിക്കും രൂപം നൽകി.
മുളിയാർ പഞ്ചായത്തിൽ സ്ഥിരമായി പുലികളെ കണ്ടുവരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. വളർത്തു മൃഗങ്ങളായ ആട്, പശു, കോഴികൾ, വളർത്തു നായകൾ എന്നിവയെ പുലി കൊന്ന് തിന്നുകയും ചെയ്തു. രാത്രി യാത്രികർ പലയിടത്തും പുലിയെ കണ്ടിരുന്നു. ഇതുകാരണം ജനങ്ങൾ ഭയന്നാണ് കഴിഞ്ഞിരുന്നത്. അഡുർ റിസർവ് ഫോറസ്റ്റിൽ, പാണ്ടി, മല്ലംപാറയിൽ പന്നിക്കുവച്ച കെണിയിൽ കുരുങ്ങി നാലു വയസ്സുള്ള പെൺപുലി ഈയിടെ ചത്തിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആയിരുന്നു പുലി കെണിയിൽ കുരുങ്ങിയിരുന്നത്. അതിന് ശേഷവും പലയിടത്തും പുലിയുടെ സാന്നിദ്ധ്യമുണ്ടായി. ഇതിനെ തുടർന്നാണ് പുലിയെ പിടിക്കാൻ വനം വകുപ്പ് തന്നെ നടപടി എടുത്തത്.
എൻ.ടി.സി.എ നിബദ്ധന പ്രകാരം നിലവിൽ വന്ന ഡി.എഫ്.ഒ കെ. അഷറഫ് ചെയർമാനായ കമ്മിറ്റിയിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, വെറ്റിനറി ഡോക്ടർ, വനം വകുപ്പ് പ്രതിനിധി, രണ്ട് എൻ.ജി.ഒ പ്രതിനിധികൾ, വാർഡ് മെമ്പർ അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അംഗങ്ങളാണ്. വടക്കൻ മേഖല സി.സി.എഫിന്റെ അനുമതി പ്രകാരമാണ് കമ്മിറ്റിയുണ്ടാക്കിയത്.
പുലിയാണെന്ന് ഉറപ്പായാൽ കമ്മിറ്റി കൂടി ആലോചിച്ച് പുലിയെ കൂട് വെച്ച് പിടികൂടുന്നതിന് അനുമതി വാങ്ങുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്ത് നൽകും. അനുമതി കിട്ടുന്ന മുറയ്ക്ക് നടപടിയിലേക്ക് കടക്കും.
പുലി ക്യാമറയിൽ പതിഞ്ഞാൽ
1. പുലി ആണെന്ന് ഉറപ്പ് വരുത്തും
2. പുലിയുടെ സൈസ് എത്രയാണെന്ന് തിരിച്ചറിയും.
3. പുലി എത്ര മൃഗങ്ങളെ പിടിച്ചു എന്ന് മനസിലാക്കും.
4. അപകട സാദ്ധ്യത എത്രയാണെന്ന് നോക്കും.