
കണ്ണൂർ: ആദർശവും ലാളിത്യവും ഇഴചേർന്ന കമ്യൂണിസ്റ്റ് ജീവിതം അടയാളപ്പെടുത്തിയ ചടയൻ ഗോവിന്ദന്റെയും മകൻ സുഭാഷ്ചന്ദ്രന്റെയും ജീവിതം ചൂണ്ടിക്കാട്ടി സൈബറിടങ്ങളിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഓർമ്മപ്പെടുത്തൽ. ചടയന്റെ 26-ാം ഓർമ്മദിനമായിരുന്നു ഇന്നലെ.
പാർട്ടി പത്രത്തിൽ തന്റെ മകനെന്ന പരിഗണനയിൽ ലഭിച്ച ജോലിക്ക് പോകേണ്ടതില്ലെന്ന പിതാവിന്റെ നിർദ്ദേശം മാനിച്ച് ചെറിയൊരു ഹോട്ടൽ നടത്തി ഉപജീവനം നടത്തിയ മകൻ സുഭാഷ് ചന്ദ്രനെ എടുത്തുകാട്ടിയാണ് റെഡ് ആർമി, പോരാളി ഷാജി തുടങ്ങിയ ഇടത് സൈബർ ഗ്രൂപ്പുകൾ കമ്മ്യൂണിസ്റ്റ് ശൈലിയിൽ നിന്ന് വ്യതിചലിക്കുന്ന നേതൃത്വത്തിനെതിരെ വിമർശനം ചൊരിഞ്ഞത്.
മുൻ സംസ്ഥാന സെക്രട്ടറിയും അഴിക്കോട് എം.എൽ.എയുമൊക്കെയായ ചടയൻ ഗോവിന്ദന്റെ മകൻ സുഭാഷ് കമ്പിലിലെ ഗായത്രി ഹോട്ടലിൽ ചായയുണ്ടാക്കുന്ന ചിത്രത്തോടെയാണ് സൈബർ ഗ്രൂപ്പുകൾ കുറിപ്പ് പങ്കിട്ടത്. ചടയൻ നേതാവായിരിക്കെ പാർട്ടി പത്രത്തിൽ സുഭാഷിന് ജോലി ലഭിച്ചപ്പോൾ വിവാദവും പ്രതിഷേധവും ഉയർന്നിരുന്നു. ഇതോടെ മകനോട് ജോലി ഉപേക്ഷിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കൂലിപ്പണിയെടുത്തും സുഹൃത്തിനോടൊപ്പം ഹോട്ടൽ നടത്തിയുമാണ് ജീവിച്ചത്. അന്ന് പ്രതിഷേധിച്ചവരുടെ മക്കളെല്ലാം ഇന്ന് പാർട്ടി സ്ഥാപനങ്ങളിലെ കഴകക്കാരാണെന്നും ചടയനെപ്പോലെ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടായിരുന്നുവെന്നും റെഡ് ആർമി ഓർമ്മിപ്പിക്കുന്നു.
നേതാക്കളിൽ വലിയൊരു വിഭാഗം ഇന്ന് ഉത്കണ്ഠാകുലരാണ്. മക്കളുടെ ഭാവിയോർത്ത്. മക്കളെ എങ്ങനെയെങ്കിലും ഉന്നതങ്ങളിൽ എത്തിക്കണം. ചടയനെ പോലെയുംകമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു എന്നാണ് പോരാളി ഷാജി യുടെ ഓർമ്മിപ്പിക്കൽ.
സൈബർ ഗ്രൂപ്പുകളിലെ പരാമർശത്തോട് പ്രതികരിക്കാൻ സുഭാഷ് ചന്ദ്രൻ തയ്യാറായില്ല. 'ദാരിദ്ര്യത്തിന്റെ കൂടെ എങ്ങനെ ജീവിക്കാമെന്നാണ് അച്ഛൻ പഠിപ്പിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി ഞാൻ ഗായത്രി ഹോട്ടലിൽ ജോലി ചെയ്യുന്നില്ല. ചെന്നൈയിൽ ഹോട്ടൽ മേഖലയിൽ സൂപ്പർവൈസിംഗ് ജോലിയാണ് ".