
മതമൈത്രിയുടെ വിളംബരമായി പുരാതന മുസ്ലിം തറവാട്ടിൽ നിന്നുള്ള കലംവരവ്
പയ്യന്നൂർ: പൗരാണിക പ്രസിദ്ധമായ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൃപ്പുത്തരിയുത്സവത്തിന് പ്രശസ്തമായ കേളോത്ത് മുസ്ലിം തറവാട്ടിൽ നിന്നുള്ള പഞ്ചസാരക്കലം ആചാരവിധിയോടെ എത്തി. പുത്തരിയുത്സവത്തിന് പെരുമാൾക്കും ഉപദേവന്മാർക്കും സമർപ്പിക്കുന്ന പാൽപായസമടക്കമുള്ള നിവേദ്യങ്ങളിൽ ചേർക്കാനുള്ള പഞ്ചസാര പരമ്പരാഗതമായി കേളോത്ത് തറവാട്ടിൽ നിന്ന് ഉപചാരപൂർവമാണ് എത്തിച്ചുവരുന്നത്.
നൂറ്റാണ്ടുകളായി പിന്തുടരുന്ന ചടങ്ങാണിത്.സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന കേളോത്ത് തറവാട് വെളിച്ചെണ്ണ പകർന്ന് കെടാ ദീപം തെളിയിക്കുന്ന അപൂർവ്വം മുസ്ലിം തറവാടുകളിൽ ഒന്നാണ്. ഈ ദീപത്തിന് മുന്നിൽ നിന്നാണ് തറവാട് കാരണവർ പുതിയ മൺകലത്തിൽ പഞ്ചസാര നിറച്ച് പരിവാരസമേതം ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്.
ക്ഷേത്ര കാരണവരായ ഷുക്കൂർ കേളോത്തിന്റെ നേതൃത്വത്തിൽ കെ.സി.അബ്ദുൾ സലാം, റഷീദ്, അഫ്സൽ, അബൂട്ടി, ഷാഫി, കബീർ തുടങ്ങിയവരാണ് ഇന്നലെ രാവിലെ പഞ്ചസാര കലം സമർപ്പിക്കാൻ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം ട്രസ്റ്റ് ബോർഡ് അംഗങ്ങളും ജീവനക്കാരും ചേർന്ന് കേളോത്ത് തറവാട്ട് അംഗങ്ങളെ ക്ഷേത്ര മതിൽക്കകത്തേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്ന് വലിയ ബലിക്കല്ലിന് സമീപം നിറഞ്ഞ് കത്തുന്ന തട്ട് വിളക്കിന് മുന്നിൽ പഞ്ചസാരക്കലം സമർപ്പിച്ചു. ക്ഷേത്രം കലവറ സൂക്ഷിപ്പുക്കാരൻ ഇത് പെരുമാളുടെ കണക്ക് പുസ്തകത്തിൽ ചേർത്തു.തുടർന്ന് നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ച പഞ്ചസാരക്കലം പുത്തരി നിവേദ്യങ്ങളിൽ ചേർക്കാൻ തിടപ്പള്ളിയിൽ കീഴ്ശാന്തിമാരെ ഏൽപിച്ചു.
പുത്തരി മുഹൂർത്തത്തിൽ പത്ത് വീട്ടിൽ പൊതുവാൾമാരുടെ വീടുകളിലെ ഊഴക്കാരായ സ്ത്രീകൾ അകത്തേക്ക് എഴുന്നള്ളിച്ച പുതിയ അരി ഉപയോഗിച്ചുണ്ടാക്കിയ പാൽ പായസത്തിലും ഔഷധ കൂട്ടുകൾ ഉപയോഗിച്ചുണ്ടാക്കിയ ആഗ്രയണത്തിലും പഞ്ചസാര ചേർത്ത് ഉച്ചപൂജക്ക് മേൽശാന്തി പെരുമാൾക്കും ഉപദേവൻമാർക്കും നിവേദിച്ചു. തുടർന്ന് ആഗ്രയണം ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് വിതരണം ചെയ്തു. പഞ്ചസാരക്കലം സമർപ്പണത്തിനെത്തിയ കേളോത്ത് തറവാട്ടംഗങ്ങളെ
അഞ്ച് ഇടങ്ങഴി അരി , അഞ്ച് തേങ്ങ, ഒരു നേന്ത്രക്കുല , ഒരു സോദരിപഴക്കുല എന്നിവ നൽകിയാണ് കേളോത്ത് മുസ്ലിം തറവാട്ടുകാരെ ക്ഷേത്രത്തിൽ നിന്ന് യാത്രയാക്കിയത്.
28 വർഷങ്ങൾ ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കാപ്പാട്ട് കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിനും കേളോത്ത് തറവാട്ടുകാർ പഞ്ചസാരക്കലം സമർപ്പിച്ചിരുന്നു.