
കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിൽ കണ്ണൂർ സ്വദേശിയുടെ 29.25 ലക്ഷം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഹൈദരാബാദ് കാലാപത്തർ സ്വദേശിയായ ഇക്ബാൽ ഹുസ്സൈനിയാണ്(47) കണ്ണൂർ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സാപ്പ് വഴി ബന്ധപ്പെട്ട് ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി മികച്ച വരുമാനം വാഗ്ദാനം ചെയ്താണ് പുതിയതെരു സ്വദേശിയിൽ നിന്നും പണം തട്ടിയത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം കണ്ണൂർ സൈബർ പൊലീസ് ഹൈദരാബാദിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ സി സജേഷ് . ജോസ്, സീനിയർ സിവിൽ പൊലിസ് ഓഫിസർ സിന്ധു, സിവിൽ പൊലിസ് ഓഫീസർമാരായ റായീസുദ്ധീൻ, സനൂപ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പണം തട്ടിയത് വ്യാജ മൊബൈൽ ആപ്ളിക്കേഷൻ വഴി
പുതിയതെരു സ്വദേശിക്ക് എൽട്ടാസ് ഫുഡ് എന്ന വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് പ്രതികൾ ഉൾപ്പെടുന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ നിർദേശങ്ങൾ നൽകിയായിരുന്നു തട്ടിപ്പ്. ഓരോ തവണ ട്രേഡിംഗ് നടത്തുമ്പോഴും ആപ്പിൽ വലിയ ലാഭം കാണിച്ചാണ് പരാതിക്കാരനെ പ്രതികൾ വലയിലാക്കിയത്. പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടത്. പരാതിക്കാരന്റെ 18.75 ലക്ഷം ഇക്ബാൽ ഹുസ്സൈനിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപമായെത്തി.
ഹുസ്സൈനിക്കെതിരെ കേരളത്തിൽ അഞ്ച് കേസുകൾ
ഇക്ബാൽ ഹുസ്സൈനിയുടെ അക്കൗണ്ട് 200 തവണയിലധികം നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർടെലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രകാരം കേരളത്തിൽ മാത്രം അഞ്ച് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രതിയുടെ അക്കൗണ്ടിൽ എട്ട് കോടിയിൽപരം തുകയുടെ ഇടപാടുകൾ നടന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. തട്ടിയെടുത്ത പണം പ്രതി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.