
ഇരിട്ടി: വെളിമാനം ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ അദ്ധ്യാപകരെ നിയമത്തിന് മുന്നിൽക്കൊണ്ടു വരണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്‌കൂൾ ഗെയിറ്റിന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സുരേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ചാ ജില്ലാ പ്രസിഡന്റ് അരുൺ ഭരത് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് സന്തോഷ് കീച്ചേരി,സിന്ധു ജയകുമാർ, പ്രശാന്തൻ കുമ്പത്തി, പി.കൃഷ്ണൻ, പ്രിയേഷ് അളോറ, സി.രജീഷ് , ബേബി ജോസഫ്, എം.എസ്, ബിജിലാൽ എന്നിവർ സംസാരിച്ചു.നേതാക്കളുടെ പ്രസംഗത്തിന് ശേഷം പ്രവർത്തകർ ഗെയിറ്റ് തള്ളിത്തുറക്കാൻ നടത്തിയ ശ്രമം അല്പനേരം പൊലീസുമായി ഉന്തിലും തള്ളിലും കലാശിച്ചു.