cpm

നീലേശ്വരം: സി.പി.എമ്മിന്റെ പ്രമുഖ നേതാവായ പി.കരുണാകരന്റെ ജന്മനാട് അടങ്ങിയ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ കരിന്തളം വെസ്റ്റ് ലോക്കൽകമ്മിറ്റി പരിധിയിൽ വരുന്ന ബ്രാഞ്ചുകളിലെ സമ്മേളനങ്ങളെ പിടിച്ചുകുലുക്കി ഇലക്ട്രോണിക്സ് വേസ്റ്റ് വിവാദം പുകയുന്നു.കൊല്ലമ്പാറയിലെ വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് പുതുക്കിപണിയുന്നതിന്റെ ഫണ്ട് ശേഖരണത്തിന് നടത്തിയ ചിട്ടിയിൽ വിതരണം ചെയ്ത ഗുണനിലവാരമില്ലാത്ത സാധനങ്ങളുടെ പേരിൽ വൻവിമർശനമാണ് പ്രതിനിധികൾ ഉന്നയിക്കുന്നത്.

പാർട്ടി മുൻ ഏരിയാസെക്രട്ടറിയുടെ ഉറ്റബന്ധുവിന്റെ ഇലക്ട്രോണിക്സ് കടയിൽ നിന്നാണ് ചിട്ടിയിൽ ചേർന്നവർക്കുള്ള ഇലക്ട്രോണിക്സ് സാധനങ്ങൾ വിതരണം ചെയ്തത്. കടുത്ത പ്രതിഷേധത്തിനൊടുവിൽ ഏറെ വൈകിയാണ് ഇവ നൽകിയത് തന്നെ. തങ്ങൾ മുൻകൈയെടുത്ത് ചേർത്തവർക്ക് കേടായ ഇലക്ട്രോണിക്സ് സാധനങ്ങൾ നൽകിയതിൽ പല പാർട്ടി അംഗങ്ങളും കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ആറായിരം രൂപ നൽകി അയ്യായിരം രൂപയുടെ സാധനങ്ങൾ നൽകുമെന്നതായിരുന്നു കുറി നടത്തിപ്പ് കമ്മിറ്റിയുടെ പ്രഖ്യാപനം. തങ്ങൾ ചേർത്ത കുറിമെമ്പർമാർക്ക് സ്വന്തം കൈയിൽ നിന്ന് പണം ചിലവിട്ട് ഗുണനിലവാരമുള്ള ഇലക്ട്രോണിക്സ് ഉപകരണം ചേർത്താണ് പല പ്രവർത്തകരും പേരുദോഷം ഒഴിവാക്കിയത്. ഈ ചിട്ടി അവസാനിച്ച് ഏറെ നാളുകൾ കഴിഞ്ഞെങ്കിലും ഇതുവരെ വരവ് ചിലവ് കണക്ക് അവതരിപ്പിക്കാത്തതും സമ്മേളനങ്ങളിൽ പ്രതിനിധികൾ ചർച്ചയാക്കുന്നുണ്ട്. പാർട്ടി അംഗങ്ങളിൽ ചിലർക്ക് ഇപ്പോഴും സാധനങ്ങൾ നൽകാനുമുണ്ട്. മുൻ പ്രവാസി സംഘടനാ നേതാവായ ലോക്കൽ സെക്രട്ടറിയുടെ കൈയിൽ നിന്ന് വലിയൊരു തുക തന്നെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നഷ്ടമായതായും വിവരമുണ്ട്. കുറി നടത്തിയിട്ടും സി.പി.എം ഓഫീസിന്റെ നിർമ്മാണം പാതിവഴിയിൽ നില്കുന്നതും സമ്മേളനങ്ങളിൽ സജീവചർച്ചയാണ്.

സമ്മേളനത്തിന് ഒരാഴ്ച മുമ്പ് ബ്രാഞ്ച് ലയിപ്പിച്ചു

വിട്ടുനിന്ന് പ്രതിഷേധിച്ച് അംഗങ്ങൾ

വെസ്റ്റ് ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിലുള്ള പുതുക്കുന്ന് ബ്രാഞ്ചിനെ സമ്മേളനത്തിന് ഒരാഴ്ച മുമ്പ് കിളിയളം,​ നെല്ലിയടുക്കം ബ്രാഞ്ചുകളിൽ ലയിപ്പിച്ചതും കടുത്ത വിമർശനത്തിന് ഇടയാക്കി. പുതുക്കുന്ന് ബ്രാഞ്ചിലെ ഒൻപത് അംഗങ്ങളിൽ എട്ടുപേരും സമ്മേളനങ്ങളിൽ പങ്കെടുക്കാതെ മാറിനിന്നു.മുൻ കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരൻ അടക്കം പ്രവർത്തിച്ച ബ്രാഞ്ചാണിത്.

ഒരു വർഷം മുമ്പാണ് ലോക്കലിൽ നന്നായി പ്രവർത്തിച്ചുവന്നിരുന്ന തലയടുക്കം,​വാളൂർ,​നെല്ലിയടുക്കം ,​ കിളിയളം,​ വട്ടക്കല്ല് തട്ട് ബ്രാഞ്ചുകൾ വിഭജിച്ചിരുന്നു.എന്നാൽ സമ്മേളനം നടത്തുന്നതിന് ഒരാഴ്ച മുമ്പ് പഴയ രീതിയിലാക്കുകയായിരുന്നു. സമ്മേളനം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമുള്ള ഈ തീരുമാനം പാർട്ടി ഭരണഘടനയുടെ ലംഘനമാണെന്ന് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നുണ്ട്.പതിനാറോളം പാർട്ടി അംഗങ്ങൾ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

സമ്മേളനത്തിൽ പങ്കെടുക്കാതെ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലാകമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തപ്പെട്ട കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി തന്റെ ഘടകമായ കിളിയളം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തില്ല. നീലേശ്വരത്തെ ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട വരവ് ചിലവ് കൃത്യമായി റിപ്പോർട്ട് ചെയ്തില്ലെന്ന കാരണത്താൽ ജില്ലാകമ്മിറ്റിയിൽ നിന്ന് നീലേശ്വരം ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട രവി അതിന് ശേഷം പാർട്ടിയുടെ ഒരു ഘടകത്തിലെ യോഗത്തിലും പങ്കെടുത്തിരുന്നില്ല. ഏരിയാകമ്മിറ്റിയിൽ പങ്കെടുക്കാത്തതിനാൽ സ്വാഭാവികമായും ഏറ്റവും ചെറിയ ഘടകമായ ബ്രാഞ്ചിലേക്ക് അദ്ദേഹത്തെ തരംതാഴ്ത്തുകയായിരുന്നു. പുതുക്കുന്ന് ബ്രാഞ്ച് കിളിയളം ബ്രാഞ്ചിൽ ലയിപ്പിച്ചതിനാൽ അവിടെയായിരുന്നു രവി സമ്മേളനത്തിൽ പങ്കെടുക്കേണ്ടത്. നിലവിൽ പാർട്ടിയും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഭരണവും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത സ്ഥിതിയിലാണ്.