
കണ്ണൂർ: ഇടതുപക്ഷവുമായി ബന്ധമുള്ള ഇടങ്ങളിൽ വരെ ആർ.എസ്.എസിന് ഇടം ലഭിക്കുന്നുവെന്ന ആരോപണം ശക്തമായിക്കൊണ്ടിരിക്കെ സി.പി.ഐയുടെ പ്രസിദ്ധീകരണശാലയിൽ ആർ.എസ്.എസ് ബന്ധങ്ങളുടെ ചരിത്രം ഒരുങ്ങുന്നു. മാദ്ധ്യമ പ്രവർത്തകനായ രവീന്ദ്രൻ രാവണീശ്വരം എഴുതി പ്രഭാത് ബുക്സ് പ്രസിദ്ധീകരിക്കുന്ന 'ഇന്ത്യ സ്വസ്തികയുടെ നിഴലിൽ' എന്ന പുസ്തകത്തിന് അവതാരികയെഴുതിയത് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്.
600 പേജിലധികം വരുന്ന പുസ്തകത്തിൽ അടിയന്തരാവസ്ഥയിൽ മതനിരപേക്ഷ ശക്തികൾ സഖ്യമുണ്ടാക്കിയതാണ് ആർ.എസ്.എസിന്റെയും ജനസംഘത്തിന്റെയും വളർച്ചക്ക് കാരണമായതെന്നും അതാണ് പിന്നീട് ബി.ജെ.പിയെ വളർത്തിയതെന്നും ആരോപിക്കുന്നുണ്ട്. പി.സുന്ദരയ്യ രാജിവെക്കാനുണ്ടായ കാരണം അക്കമിട്ട് നിരത്തുന്ന പുസ്തകത്തിൽ സി.പി.ഐ നേതൃത്വത്തിനും കടുത്ത വിമർശനമുണ്ട്. ഫാസിസത്തിനെ എതിർത്ത കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിക്ക് രാജിവെക്കേണ്ടിവന്ന അവസ്ഥയും പരാമർശിക്കുന്നു. കോൺഗ്രസ് വിരോധത്തിന്റെ പുറത്ത് രാഷ്ട്രീയം മറന്നുകളിച്ച ഇടതുപക്ഷം വി.പി സിംഗ് സർക്കാറിന് പിന്തുണ നൽകിയതിനെയും പുസ്തകം വിമർശിക്കുന്നുണ്ട്.
ബിപൻചന്ദ്രയുൾപ്പടെയുള്ള ചരിത്രകാരൻമാർ അടിയന്തരാവസ്ഥയിലെ മതനിരപേക്ഷ സഖ്യത്തെ എതിർത്തിരുന്നുവെന്ന് പുസ്തകം പറയുന്നു. ഈ തിരിച്ചറിവിൽ നിന്നാണ് ഇടതുപക്ഷ ഐക്യം രൂപപ്പെടുന്നത്. ജനതാദൾ ഉൾപ്പടെയുള്ള സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും ജയപ്രകാശ് നാരായണൻ ഫാസിസ്റ്റ് ചിന്തയെ പ്രോത്സാഹിപ്പിച്ചുവെന്നും പുസ്തകം സമർത്ഥിക്കുന്നുണ്ട്.
സ്വാതന്ത്ര്യസമരത്തെ ആർ.എസ്.എസ് ഒറ്റിയതായി ആരോപിക്കുന്ന പുസ്തകത്തിൽ വാജ്‌പേയിയുടെ മാപ്പപേക്ഷയും വി.ഡി.സവർക്കറുടെ സ്വഭാവവ്യതിയാനങ്ങളും പരാമർശിക്കപ്പെടുന്നു. പിണറായി വിജയനെയും എം.കെ.സ്റ്റാലിനെയും പ്രകീർത്തിക്കുന്ന ഭാഗങ്ങളും പുസ്തകത്തിലുണ്ട്.'കാവിപ്പശു,ഗുജറാത്ത് വംശഹത്യമുതൽ ഇന്ത്യൻ മാദ്ധ്യമങ്ങളുടെ നിലപാടുകൾ', 'മഡെ മഡെ സ്നാന' എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് രവീന്ദ്രൻ രാവണേശ്വരം.
സി.പി.എമ്മിനോടോ ഇടതുപക്ഷത്തോടോ കലഹിക്കുന്ന പുസ്തകമല്ല ഇത്. കുമിളപോലെ ഉയർന്ന് പൊട്ടുന്ന താത്കാലിക രാഷ്ട്രീയപ്രശ്നത്തോടുമല്ല. മലപോലെ ഉയർന്നു നിൽക്കുന്ന സംഘപരിവാർ വളർച്ചയിൽ എല്ലാ മതനിരപേക്ഷ ശക്തികൾക്കുമുള്ള പങ്ക് ഉയർത്തികൊണ്ടുവരികയും ഒരു തിരിച്ചറിവ് നൽകാനും ശ്രമിക്കുന്നു. ഇന്നത്തെ പ്രശ്നവുമായി കൂട്ടികെട്ടിയാൽ പുസ്തകം ഉദ്ദേശിക്കുന്ന ഫലം ചെയ്യില്ല. സി.പി.എം ഉൾപ്പടെയുള്ള മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ അനിവാര്യതയാണ് പുസ്തകം ഉയർത്തിപിടിക്കുന്നത്. പുസ്തകം ഒരുക്കുന്നതിൽ സുപ്രധാന സഹായം സി.പി.എം സുഹൃത്തുക്കളുടേതാണ്-രവീന്ദ്രൻ രാവണേശ്വരം