കണ്ണൂർ: ഓണം അടുത്തിരിക്കെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഓണം മേളകൾ സജീവമായി. പൊലീസ് മൈതാനിയിൽ ആരംഭിച്ച ഓണം കൈത്തറി വിപണന മേള, ഖാദി ഓണം മേള, ജില്ലാ പഞ്ചായത്തിന്റെ കാർഷിക പ്രദർശന വിപണന, ദിനേശ് വിപണന മേള എന്നിവയിലെല്ലാം നിരവധി പേർ എത്തുന്നുണ്ട്. വീട്ടിലേക്കാവശ്യമായ വിവിധ ഉത്പന്നങ്ങളും വസ്ത്രങ്ങളും മറ്റ് ഭക്ഷ്യ ഉത്പ്പന്നങ്ങളുമായെല്ലാമാണ് ഇവിടെ നിന്നും ആളുകൾ മടങ്ങുന്നത്. പൊലീസ് മൈതാനിക്ക് എതിർവശത്തുള്ള മഹാത്മാ മന്ദിരത്തിൽ നടക്കുന്ന ഗാർഡൻ സാരി വിപണനമേളയിലും കൈരളി ബുക്സ് പുസ്തക മേളയിലും നിരവധി പേരെത്തുന്നുണ്ട്. തൊട്ട് എതിർവശത്തായുള്ള ടൗൺ സ്‌ക്വയറിൽ നടക്കുന്ന മലബാർ മേളയിലും വ്യത്യസ്തവും വൈവിധ്യവുമായ നിരവധി ഉത്പ്പന്നങ്ങൾ ഉണ്ട്. വീട്ട് സാധനങ്ങളും ചെടികളും ഭക്ഷ്യ ഉത്പ്പന്നങ്ങളും വസ്ത്രങ്ങളുമെല്ലാം തന്നെയാണ് ഇവിടെയും വിൽപ്പനയ്ക്കുള്ളത്.ഇതിന് പുറമെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഓണ തിരക്ക് തുടങ്ങിയിട്ടുണ്ട്.

വിലക്കുറവും ഓഫറുകളുമായി കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ആരംഭിച്ച സപ്ലൈകോയുടെ ഓണം ഫെയറിലും വൻ തിരക്കാണ്. രാവിലെ 9.30 മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കും. 13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമേ, പ്രമുഖ ബ്രാൻഡുകളുടെ 200ലധികം ഉൽപ്പന്നങ്ങൾക്ക് വൻവിലക്കുറവാണ് സപ്ലൈകോ നൽകുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജന്റുകൾ, ഫ്‌ളോർ ക്ലീനറുകൾ, ടോയ്‌ലെറ്ററീസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45 ശതമാനം വരെ വിലക്കുറവും പ്രത്യേകം ഓഫറുകളുമുണ്ട്. സപ്ലൈകോ ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവും കോംബോ ഓഫറുകളും ഉണ്ട്.

ശബരി സിഗ്‌നേച്ചർ കിറ്റ് എന്ന പേരിൽ ആകർഷകമായ കാരിബാഗിൽ 55 രൂപയുടെ ആറ് വിവിധ ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകും. ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്ക് രണ്ട് മുതൽ നാലുവരെ ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്സ് നടപ്പാക്കും. വിവിധ സബ്സിഡി ഇതര സാധനങ്ങൾക്ക് സപ്ലൈകോ നിലവിലെ വിലക്കുറവിന് പുറമേ 10ശതമാനം വരെ വിലക്കുറവായിരിക്കും ഈ സമയം നൽകുക. വിവിധ ഉൽപ്പന്നങ്ങൾക്ക് എം.ആർ.പിയേക്കാൾ, 50ശതമാനം വരെ വിലക്കുറവ് ലഭിക്കും. സർക്കാർ ഓണ പരിപാടികൾ മാറ്റി വച്ചിട്ടുണ്ടെങ്കിലും സ്വകാര്യ സ്ഥാപനങ്ങളിലും കോളേജുകളിലുമെല്ലാം ഓണത്തിന്റെ ഓളം തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിൽ പൂക്കള മത്സരങ്ങളും സദ്യകളും ഒരുക്കും.


വ്യത്യസ്തമായ ഓണം ഓഫറുകളും

ഓണത്തോടനുബന്ധിച്ച് വിവധ സ്ഥാപനങ്ങൾ പല ഓഫറുകളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഗൃഹോപകരണങ്ങൾ, മൊബൈൽഫോൺ, ഫർണീച്ചറുകൾ തുടങ്ങിയവ വൻ വില കുറവിലാണ് സ്ഥാപനങ്ങൾ നൽകുന്നത്. മാത്രമല്ല നിശ്ചിത രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുമ്പോൾ ആകർഷകമായ സമ്മാനങ്ങളും കൂപ്പണുകളുമുണ്ട്. ചെറിയ ഗിഫ്റ്റ് ഐറ്റംസ് മുതൽ കാർ വരെ കൂപ്പൺ വഴി തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കും. രണ്ടാഴ്ച മുമ്പ് തന്നെ ഇത്തരം കടകളിൽ വലിയ തിരക്കാണുള്ളത്.