
കാഞ്ഞങ്ങാട്: തൊഴിലാളികളുടെ കൂലിയും തൊഴിൽ ദിനങ്ങളും വർദ്ധിപ്പിച്ചു നൽകുക, ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക, അശാസ്ത്രീയമായ പരിഷ്‌കരണങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി ഐ.എൻ.ടി.യു.സി കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് പി.വി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, ഗോപാലൻ ചാലിങ്കാൽ, എം.കുഞ്ഞികൃഷ്ണൻ, വി.വി.സുധാകരൻ, പി.വി. ബാലകൃഷ്ണൻ, ലതാ പനയാൽ, സിന്ധു ബാബു, ജയന്തി മുറിയനാവി എന്നിവർ സംസാരിച്ചു. എം.വി.പത്മനാഭൻ സ്വാഗതവും ചന്ദ്രൻ കൊളവയൽ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നിന്നും ആരംഭിച്ച മാർച്ചിലും ധർണ്ണയിലും നിരവധി തൊഴിലാളികൾ പങ്കെടുത്തു.