
പയ്യന്നൂർ: പെരുമാളുടെ പുത്തരി നടന്ന അതെ മുഹൂർത്തത്തിൽ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമായി ഇഴയടുപ്പമുള്ള കണ്ടോത്ത് കൂർമ്പ ക്ഷേത്രത്തിലും പുത്തരി ആഘോഷം. 23000 ത്തോളം കാരയപ്പമാണ് പുത്തരിനിവേദ്യത്തിനായി കൂർമ്പ ക്ഷേത്രത്തിൽ ഒരുക്കിയത്. പുത്തരി കഴിഞ്ഞ് അടുത്ത ദിവസം വൈ പുത്തരിയും ആഘോഷിച്ചു.
പുത്തരിക്ക് രണ്ട് ദിവസം മുൻപ് തന്നെ ക്ഷേത്രം കർമ്മികളും വാല്യക്കാരും കലശം കുളിച്ച് ക്ഷേത്രത്തിൽ എത്തിയതോടെയാണ് ഒരുക്കം തുടങ്ങിയത്. പ്രധാന നിവേദ്യം കാരയപ്പമാണ്. രണ്ട് ദിവസം രാപ്പകലില്ലാതെയാണ് ഇത്രയും അപ്പം നിർമ്മിച്ചെടുത്തത്. പുത്തരി മുഹൂർത്തത്തിൽ ദേവിക്ക് നിവേദിച്ചുകഴിഞ്ഞാൽ പുതുനെല്ലിന്റെ അവലും ശർക്കരയും കൂട്ടി കുഴച്ച് ക്ഷേത്രത്തിന് ചുറ്റും ചിറ്റില വച്ച് വാലിയക്കാർക്ക് നൽകും.
പത്ത് അപ്പവും ഇവർക്ക് നൽകും. പിറ്റെ ദിവസം നടക്കുന്ന വൈ പുത്തരിക്ക് രാവിലെ ക്ഷേത്രത്തിൽ നിവേദ്യത്തിന് ശേഷം ഭക്തജനങ്ങൾക്ക് ശർക്കര പായസ്സവും കാരയപ്പവും പ്രസാദമായി നൽകും.