കണ്ണൂർ: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. ഓണത്തോടനുബന്ധിച്ച് നഗരത്തിൽ തിരക്ക് വർദ്ധിച്ചതോടെയാണ് അധികൃതർ പരിശോധന കർശ്ശനമാക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ജില്ലയിൽ180 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ജില്ലയിൽ ആകെ 24 സ്ഥാപനങ്ങൾക്ക് കോംപൗണ്ടിംഗ് നോട്ടീസ് നൽകി.

ആദ്യ ദിവസം തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ എന്നിങ്ങനെ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. തലശ്ശേരി 24, തളിപ്പറമ്പ് 16, പയ്യന്നൂർ 16 എന്നിങ്ങനെയാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസം പേരാവൂർ, കണ്ണൂർ, കല്ല്യാശ്ശേരി എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇതിൽ പേരാവൂർ 24, കണ്ണൂർ 20, കല്ല്യാശ്ശേരി 25 എന്നിങ്ങനെയും പരിശോധന നടന്നു. ഒൻപതിന് തുടങ്ങിയ പരിശോധന 13 വരെ തുടരും.

ഇന്നലെ അഴീക്കോട്, ധർമ്മശാല, കൂത്തുപറമ്പ് എന്നിവിടങ്ങളിലും പരിശോധന നടന്നു. അഴീക്കോട് 20, ധർമ്മശാല 21, കൂത്തുപറമ്പ് 24 സ്ഥപനങ്ങളിലുമാണ് പരിശോധന നടന്നത്. ആകെ 14 സ്ഥാപനങ്ങൾക്ക് ജില്ലയിൽ ഇതുവരെ റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശിച്ച മർഗ നിർദേശങ്ങളിൽ വീഴ്ച്ച വരുത്തിയ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ശുചിത്വമുള്ള പരിസരങ്ങളിൽ ആഹാരം പാകം ചെയ്യാത്തതും, പഴകിയ ഭക്ഷണങ്ങൾ നൽകുന്നതും ,എക്സപയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ വിൽക്കുന്നതുമെല്ലാമാണ് വീഴ്ചകളായി കണ്ടെത്തിയത്. വീഴ്ച വരുത്തിയ സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന നടത്തും. നിയമ ലംഘനം വീണ്ടും ആവർത്തിച്ചാൽ കർശ്ശന നടപടി സ്വീകരിക്കും.

സമ്പൂർണ്ണ പരിശോധന

ഭക്ഷ്യവസ്തുക്കളുടെ വിൽപന, വിതരണം, നിർമാണം, സംഭരണം എന്നിവ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ഭക്ഷണശാലകൾ, വഴിയോര ഭക്ഷണശാലകൾ, ബേക്കിംഗ് യൂനിറ്റുകൾ, കേറ്ററിംഗ് യൂനിറ്റുകൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്കാണ് ഊന്നൽ. പാൽ, പാൽ ഉത്പ്പന്നങ്ങൾ, ശർക്കര, കായ വറുത്തത്, പലവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, പായസക്കൂട്ട്, പച്ചക്കറികൾ തുടങ്ങിയവയെല്ലാം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. മായം, നിറം, ലേബലിലെ വിവരങ്ങൾ തുടങ്ങിയവയും പരിശോധിക്കും.

ആകെ പരിശോധന 180

കോംപൗണ്ടിംഗ് നോട്ടീസ് നൽകിയത് 24

റെക്ടിഫിക്കേഷൻ നോട്ടീസ് 14

ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ 10