kv-prakashan
PRAKASHAN

ചെറുവത്തൂർ: കാടങ്കോട് കാവുംചിറ പഴയ ഹാർബറിന് സമീപത്തെ സി.എ കണ്ണൻ- കെ.വി ജാനകി ദമ്പതികളുടെ മകൻ പ്രകാശനെ (32) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രകാശൻ എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതിനെ തുടർന്ന് ചന്തേര പൊലീസ് അന്വേഷണം ഊർജിതമാക്കി. പിലിക്കോടുള്ള പാർട്ടിക്കാർ കേസ് ഒത്തുതീർപ്പാക്കാൻ ചർച്ച നടത്തിയെന്നും രണ്ടര ലക്ഷം രൂപ ചോദിച്ചുവെന്നും ആത്മഹത്യ കുറിപ്പിൽ പ്രകാശൻ എഴുതിവെച്ചതിനെ തുടർന്ന് ഇടനിലക്കാരായി പ്രവർത്തിച്ച മൂന്ന് പേരെയാണ് അന്വേഷണം നടത്തുന്ന ചന്തേര എസ്.ഐ സതീഷ് കുമാർ വർമ്മ ചോദ്യം ചെയ്തത്.

അതിനിടെ മരണം സംഭവിച്ചതോടെ കേസ് തീർക്കാൻ ഇടനിലക്കാരായി നിന്നിരുന്നവർ തമ്മിൽ തർക്കം ഉണ്ടാവുകയും പരസ്പരം കുറ്റപ്പെടുത്തി രംഗത്തുവന്നതായും പറയുന്നു. 'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, എന്നിട്ടും കേസ് തീർക്കാൻ ഇവർ എന്നോട് രണ്ടര ലക്ഷം ചോദിക്കുന്നു എനിക്ക് ഒന്നും തിരിയുന്നില്ല. എന്റെ ഈ ഗതി മറ്റൊരാൾക്കും ഉണ്ടാകാൻ പാടില്ല ' എന്നാണ് പ്രകാശൻ അവസാനമായി കുറിപ്പിൽ എഴുതിയിരുന്നത്. ഈ മാസം ആറിന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കാടങ്കോട് നെല്ലിക്കാൽ അമ്പലത്തിന് സമീപത്തെ വായനശാലയോട് ചേർന്ന മുറിയിൽ മൽസ്യവില്പന ഏജൻസി നടത്തിവരുന്ന പ്രകാശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം ദിവസം ഞായറാഴ്ച മുറി തുറന്ന് നോക്കിയപ്പോൾ ആണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്.

അതേസമയം മടിവയലിലെ മൽസ്യവില്പനക്കാരിയുടെ പരാതിയിൽ രണ്ടു പേർക്കെതിരെയാണ് കേസെടുത്തതെന്ന് ചന്തേര പൊലീസ്. പ്രകാശൻ , മുത്തലിബ് എന്നിവർക്കെതിരെയാണ് കേസ്. ആഗസ്ത് 30ന് ഉച്ചക്ക് രണ്ടു മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്ത് മടക്കര ഹാർബറിൽ മീൻ വാങ്ങിയ പണം ബാക്കി കൊടുക്കാനുള്ള വൈരാഗ്യത്തിൽ ഹാർബറിൽ ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് പ്രകാശനും മുത്തലിബും അടിയ്ക്കാനായി വന്നുവെന്നും പണം തരുന്നില്ലെങ്കിൽ വേറെ പണിക്ക് പോയിക്കൂടെ എന്ന് പറഞ്ഞു അപമാനിച്ചു എന്നുമാണ് കേസ്. ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്ന് പരാതിയിൽ പറഞ്ഞിരുന്നില്ല. പ്രകാശനെ എനിക്ക് അറിയില്ലെന്നും ഞാൻ മീൻ എടുക്കുന്നത് മുത്തലിബിന്റെ അടുത്ത് നിന്നാണെന്നും ഇവർ ചന്തേര പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.