കാസർകോട്: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി 2025 ജനുവരി 26ന് കാസർകോട് ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുമെന്നും ഒക്ടോബർ രണ്ടിന് ജില്ലയിലെ 777 വാർഡുകളിലും മാലിന്യ മുക്ത പരിപാടി നടത്തുമെന്നും ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഒക്ടോബർ രണ്ടിന് ആരംഭിച്ച് മാർച്ച് 31ന് അവസാനിക്കുന്ന ജനകീയ കാമ്പയിനിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും പൊതുജനങ്ങളും പങ്കാളികളാകും.
ഒക്ടോബർ രണ്ടിന് ജില്ലാതല ഉദ്ഘാടനം പൈവളിഗെ സ്‌കൂളിൽ നടത്തും. ജനകീയ ക്യാമ്പയിന്റെ സുഗമമായ പ്രവത്തനത്തിന് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ക്രിയാത്മകമായി പ്രവർത്തിക്കണമെന്നും ഒക്ടോബർ രണ്ടിന് ഓരോ വാർഡിലും ഓരോ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ സാധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അറിയിച്ചു. ആസൂത്രണ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവർ. പുതിയതായി ആരംഭിക്കുന്ന 18 വിദ്യായങ്ങളിലെ ആർ.ഒ പ്ലാന്റുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സംസാരിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജെയ്സൺമാത്യു ആമുഖ ഭാഷണം നടത്തി. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി.ജയൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.രാജേഷ്, കുടുംബശ്രീ എ.ഡി.എം.സി. സി.എച്ച് ഇഖ്ബാൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.രാജേഷ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ എസ്.എൻ.സരിത, ഗീതാ കൃഷ്ണൻ ജാസ്മിൻ, കബീർ ചെർക്കള, നജ്മറാഫി, ആർ.റീത്ത, അഡ്വ. സി.രാമചന്ദ്രൻ പങ്കെടുത്തു.