
തലശേരി: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടർ സ്ഥാനത്ത് നിന്ന് സി ടി.സജിത്തിനെ ആശുപത്രി നീക്കും. ഡി.സി.സി സെക്രട്ടറി സ്ഥാനം ഉൾപ്പെടെയുള്ള പാർട്ടി സ്ഥാനങ്ങളിൽ നിന്നു സജിത്തിനെ നീക്കം ചെയ്തതിനു പിന്നാലെയാണ് ഡയറക്ടർ പദവിയിൽനിന്നു കൂടി സജിത്തിനെ നീക്കാൻ ഡി.സി.സി. നേതൃത്വം ആശുപത്രി ഭരണ സമിതിക്കു നിർദേശം നൽകിയിരിക്കുന്നത്.
വിമത പ്രവർത്തനം നടത്തിയതിനെത്തുടർന്ന് സജിത്ത് ഉൾപ്പെടെ നാല് ഡയറക്ടർമാരോട് ഇന്ദിരാഗാന്ധി ആശുപത്രി ഡയറക്ടർ പദവി രാജി വെയ്ക്കാൻ ഡി.സി സി നിർദേശിച്ചിരുന്നു. എന്നാൽ നാലുപേരും ഇതുവരെ രാജി വച്ചിട്ടില്ല. സജിത്ത് നോമിനേറ്റഡ് ഡയറക്ടർ ആയതിനാൽ ഭരണസമിതിക്ക് ഇയാളെ തൽസ്ഥാനത്തുനിന്നു നീക്കാൻ സാധിക്കും. എന്നാൽ മറ്റ് മൂന്ന് ഡയറക്ടർമാരും തെരഞ്ഞെടുക്കപ്പെട്ടവരായതിനാൽ നീക്കൽ എളുപ്പമല്ല.
ധർമ്മടം ബ്ലോക്ക് കോൺസ് സെക്രട്ടറിയായിരുന്ന സി കെ.ദിലീപ് കുമാർ, മഹിളാ കോൺഗ്രസ് നേതാവ് വസന്തകുമാരി, മീറ സുരേന്ദ്രൻ എന്നിവരാണ് ഡി.സി സി നിർദേശം നൽകിയിട്ടും ഡയറക്ടർ പദവിയിൽ തുടരുന്നവർ. ഇവരെയും പാർട്ടി പദവികളിൽ നിന്നു നീക്കിയിരുന്നു. സി ടി.സജിത്തിനെ ഡി.സി സി സെക്രട്ടറി പദവി ഉൾപ്പെടെയുള്ള പാർട്ടി സ്ഥാനങ്ങളിൽ നിന്നു നീക്കിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആരോപണങ്ങൾ വേറെയും
സർദാർ ചന്ദ്രോത്ത് ട്രസ്റ്റ് , ഐ.എ.എസ് അക്കാഡമി തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സജിത്തിനെതിരേ ഗുരുതരമായ കൂടുതൽ ആരോപണങ്ങളുമായി തലശേരി കോൺഗ്രസിലെ പ്രബല വിഭാഗം രംഗത്തെത്തിയുണ്ട്.