theeradesa-vartha
തീരദേശ റോഡ് നിർമ്മാണത്തിന് തൈകടപ്പുറം സ്റ്റോർ ജംക്ഷനിൽ അടയാള കല്ല് സ്ഥാപിച്ച നിലയിൽ

തൈക്കടപ്പുറം: കാസർകോട് ജില്ലയിലെ ശാലവും സുന്ദരവുമായ അഴിത്തല,​തൈക്കടപ്പുറം ബീച്ചിന്റെ വിനോദസഞ്ചാരമേഖലയേയും മനുഷ്യജീവിതത്തെയും തീരദേശപാതയുടെ അലൈൻമെന്റ് മാറ്റം സാരമായി ബാധിക്കുമെന്ന് ആശങ്ക. വെറും അൻപത് മീറ്റർ മാത്രമാണ് മാറ്റം വരുത്തിയ അലൈൻമെന്റിൽ കടലുമായുള്ള അകലം.

കടൽ ക്ഷോഭിച്ചാൽ വെള്ളം കയറാവുന്ന അകലത്തിലാണ് ഇപ്പോൾ അടയാളക്കല്ല് പാകിയിരിക്കുന്നത്. ഇവിടെ കടൽ തീരത്തു നിന്നും 200 മീറ്റർ അകലത്തിലാണ് അഴീത്തല-തൈക്കടപ്പുറം-പുഞ്ചാവി റോഡ്. കടലിനോട് ചേർന്നുള്ള ഭാഗത്തേക്ക് പാത മാറുമ്പോൾ വിനോദസഞ്ചാരികളുടെ മനംകവരുന്ന തീരമാണ് ഇല്ലാതാകുന്നത്. കടലിനോട് ചേർന്ന് നിർമ്മിക്കപ്പെടുന്ന റോഡിന് സുരക്ഷാ ഭീഷണി നേരിടേണ്ടിവരുമെന്നതും ആശങ്കയാണ്.
പഴയ അലൈൻമെന്റ് പ്രകാരം അഴിത്തല ബോട്ട് ജെട്ടി സ്റ്റോർ ജംഗ്ഷൻ - പുഞ്ചാവി വഴി തീരദേശപാത നിർമ്മിക്കപ്പെട്ടാൽ അത് നീലേശ്വരം തൈക്കടപ്പുറം ബീച്ചിലെ വിനോദസഞ്ചാര മേഖലയെ കൂടുതൽ കരുത്തുറ്റതാകും .ഈ പാതയ്ക്ക് പുറമെ 500 മീറ്റർ അകലത്തിൽ കൊട്രച്ചാൽ - കല്ലൂരാവി വഴി മറ്റൊരു പാതയും ഉണ്ട്. തീരദേശ റോഡ് വികസനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ ആർ എഫ് ബി അധികൃതർ പറഞ്ഞു.ജില്ല കളക്ടറും എം.എൽ.എമാരുമടങ്ങിയ സമിതിയാണ് തീരുമാനമെടുക്കേണ്ടത്.

ആരുടെ താൽപര്യം?​

കാഞ്ഞങ്ങാട് മുതൽ പുഞ്ചാവി വരെ നിലവിലുള്ള പാതയെയാണ് തീരദേശപാതയായി വികസിപ്പിക്കുന്നത്.പുഞ്ചാവി മുതൽ അഴിത്തല വരെ കടലിൽ നിന്ന് വെറും 100 മീറ്റർ അകലത്തിലാണ് പുതിയ കല്ലിടൽ നടത്തിയത്. ഈ ഭാഗം ഒഴികെ ഏഴിമല മുതൽ തൃക്കണ്ണാട് വരെ 500 മീറ്റർ അകലെയുള്ള നിലവിലുള്ള റോഡിനെയാണ് തീരദേശപാതയായി വികസിപ്പിക്കുന്നത്. ആദ്യ അലൈൻമെന്റിൽ ഇവിടെയും അഞ്ഞൂറുമീറ്റർ ദൂരമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അവസാനനിമിഷത്തിലെ ചില ഉന്നത ഇടപെടലുകൾ ഇവിടെ മാത്രം പാതയെ കടലിനോട് ചേർന്ന ഭാഗത്തേക്ക് മാറ്റിയെന്നാണ് ആരോപണം.

തിരിച്ചടി ഭയന്ന് മത്സ്യബന്ധനമേഖലയും

തീരദേശപാതയ്ക്കായി ഉയർത്തുമ്പോൾ പ്രദേശത്തെ പ്രധാന ഉപജീവനമാർഗമായ മത്സ്യബന്ധനത്തിന് വലിയ തടസം നേരിടുമെന്ന ആശങ്ക ഇതിനകം ഉയർന്നുകഴിഞ്ഞു. തൈക്കടപ്പുറം സ്റ്റോർ ജംഗ്ഷൻ മുതൽ സദ്ദാം മുക്ക് വരെ ഈ രീതിയിൽ റോഡ് ഉയർന്ന് കടലിലേക്കുള്ള വഴി അടഞ്ഞാൽ തൊഴിൽപ്രതിസന്ധി നേരിടുമെന്നാണ് ഇവരുടെ ഭയം. ആദ്യ അലൈൻമെന്റിൽ അഴിത്തല മുതൽ ബോട്ട് ജെട്ടി വരെയുള്ള ദൂരത്തിൽ 2 വീടുകൾ മാത്രമാണ് നഷ്ടപ്പെടുന്നത്.നിലവിലുള്ള റോഡിൽ അഴിത്തല മുതൽ സ്റ്റോർ ജംഗ്ഷൻ വരെ 114 വീടുകളുണ്ട്.

സഞ്ചാരികളുടെ പ്രീയതീരം

ഏത് കാലാവസ്ഥയിലും ശാന്തമായതും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടവുമാണ് തൈക്കടപ്പുറം. ആഘോഷത്തിനും വിനോദത്തിനും കടൽ സൗന്ദര്യം വീക്ഷിക്കുന്നതിനും പേരുകേട്ട ഇടം. സൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞാൽ മികച്ച വിനോദസഞ്ചാരകേന്ദ്രമാകാൻ വലിയ സാദ്ധ്യതയുള്ള പ്രദേശവുമാണിത്.