tpba
തളിപ്പറമ്പ് താലൂക്ക് ആശുപത്രി കാന്റീൻ കെട്ടിടത്തിന് മുകളിലേക്ക് ആൽമരത്തിന്റെ കൂറ്റൻ ചില്ലകൾ വളർന്ന നിലയിൽ

തളിപ്പറമ്പ്: തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയോരത്തെ കൂറ്റൻ ആൽമരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രി കാന്റീൻ കെട്ടിടത്തിന് മുകളിലേക്കാണ് ആൽമരത്തിന്റെ കൂറ്റൻ ചില്ലകൾ വളർന്നു നിൽക്കുന്നത്.

സംസ്ഥാന പാതയോരത്തെ താലൂക്ക് ആശുപത്രി പരിസരത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് നിരനിരയായി ആൽമരങ്ങളും പ്ലാവ് തുടങ്ങിയവ മരങ്ങളും നട്ടുപിടിപ്പിച്ചിരുന്നു. കാലപ്പഴക്കം കൊണ്ടും റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയും ഭൂരിഭാഗം മരങ്ങളും നശിച്ചു പോയി. താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡരികിൽ നാല് ആൽ മരങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇവയിൽ രണ്ടു മരങ്ങളാണ് ആശുപത്രി കാന്റീൻ കെട്ടിടത്തിനും ജനങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുന്നത്.

മരത്തിന്റെ കൂറ്റൻ ചില്ലകൾ കെട്ടിടത്തിന് മുകളിലേക്ക് പടർന്നു നിൽക്കുകയും ഇവയിൽ നിന്ന് വേരുകൾ കെട്ടിടത്തിന്റെ മേൽക്കൂരയിലും ചുമരിലും വളർന്നിരിക്കുകയുമാണ്. റോഡിലേക്കും മരച്ചില്ലകൾ വളർന്നു നിൽക്കുന്നുണ്ട്.

പരാതികളിൽ നടപടിയില്ല

അപകട ഭീഷണിയെ തുടർന്ന് മരച്ചില്ലകൾ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ താലൂക്ക് വികസന സമിതിയിൽ ഉൾപ്പെടെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വലിയ അപകടം ഉണ്ടാകുന്നതിന് മുമ്പ് മരചില്ലകൾ മുറിച്ചു മാറ്റാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.