busstand

സമയബന്ധിതമാകണമെന്ന് പ്രതിപക്ഷനേതാവ്

ഈ ഭരണസമിതിയുടെ കാലത്തുതന്നെയെന്ന് ചെയർപേഴ്സൺ

പയ്യന്നൂർ: നഗരസഭ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം നിലവിലുള്ള ഭരണസമിതിയുടെ കാലാവധിക്കുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഉറപ്പ് നൽകി. ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി ഹഡ്കോയിൽ നിന്ന് 4.5 കോടി രൂപ വായ്പ എടുക്കുന്നതിനും നിർമ്മാണ നിർവ്വഹണ ഏജൻസിയായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെ ചുമതലപ്പെടുത്തുന്നതിനുo സർക്കാറിൽ നിന്ന് അനുമതി ലഭിച്ചെന്നും ചെയർപേഴ്സൺ കൗൺസിലിനെ അറിയിച്ചു.

രണ്ട് ദശാബ്ദത്തിന് മുൻപ് തുടങ്ങിയ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം എന്ന് പൂർത്തിയാകുമെന്നാണ് ജനങ്ങൾക്ക് അറിയേണ്ടതെന്നായിരുന്നു പ്രതിപക്ഷനേതാവ് കെ.കെ. ഫൽഗുണന്റെ ചോദ്യം. പ്രവൃത്തി സമയ ബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ചോദിച്ചു. നിർമ്മാണ കരാർ ഒപ്പു വെക്കുന്നതോട് കൂടി മാത്രമെ കൃത്യമായ തീയതി പറയുവാൻ കഴിയുകയുള്ളുവെന്നും സാങ്കേതിക അനുമതിക്കായി ചീഫ് എൻജിനീയർക്ക് മുന്നിലാണ് പദ്ധതിയെന്നുമായിരുന്നു ഇതിന് ചെയർപേഴ്സണിന്റെ മറുപടി.

14 വർഷത്തിനുള്ളിൽ തിരിച്ചടക്കണം

പലിശ 9.5 ശതമാനം

കഴിഞ്ഞ ജനുവരി 4 ന് നടന്ന കൗൺസിൽ യോഗമാണ് പ്രവൃത്തിയുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകാൻ തീരുമാനിച്ചത്. അഞ്ച് കോടി അടങ്കലുള്ള പദ്ധതിക്ക് ഹഡ്കോയിൽ നിന്ന് 4.5 കോടി വായ്പ വാങ്ങുന്നതിന് സർക്കാറിന് അപേക്ഷ സമർപ്പിക്കാനും തീരുമാനിച്ചിരുന്നു. സർക്കാർ അംഗീകരിച്ച ഉത്തരവിൽ തിരിച്ചടവിൽ വീഴ്ച സംഭവിക്കുന്ന പക്ഷം നഗരസഭയുടെ ജനറൽ പർപ്പസ് ഫണ്ട് കുറച്ച് ഹഡ്കോക്ക് നൽകുമെന്നും വ്യക്തമായിട്ടുണ്ട്.

9.5 ശതമാനമാണ് ഹഡ്കോയ്ക്ക് പലിശ നൽകേണ്ടത്. പതിനാല് വർഷമാണ് വായ്പ കാലാവധി.

തറക്കല്ലിട്ടത് 2014ൽ

പയ്യന്നൂർ ടൗണിന് മദ്ധ്യത്തിലുള്ള ബസ്‌ സ്റ്റാൻഡിന്റെ അസൗകര്യം കണക്കിലെടുത്താണ് പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിന് തൊട്ടുള്ള സ്ഥലത്താണ് നിർദ്ദിഷ്ട മുനിസിപ്പൽ സ്റ്റേഡിയവും ചലച്ചിത്ര വികസന കോർപ്പറേഷൻ തിയേറ്റർ കോപ്ലക്സും മറ്റും വരുന്നത്. 2014ൽ അന്നത്തെ നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയാണ് ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് തറക്കല്ലിട്ടത്. തുടർന്നുള്ള ഭരണസമിതികളുടെ കാലയളവിലെല്ലാം ബസ്‌ സ്റ്റാൻഡ് യാഥാർത്ഥ്യമാക്കാൻ ശ്രമം നടത്തിയെങ്കിലും പലകാരണങ്ങളാൽ നീണ്ട് പോകുകയായിരുന്നു.