
ഇരിട്ടി: ഇന്നലെ പുലർച്ചെ മൂന്നു മണിയോടെമെതിയടി പാറ വളവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് മാക്കൂട്ടം ചുരം റോഡിൽ എട്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കർണ്ണാടകയിൽ നിന്നും വളപട്ടണത്തേക്ക് മരവുമായി തിരിച്ച ലോറി മറിഞ്ഞതോടെയാണ് ഗതാഗതം തടസപ്പെട്ടത്.ഇതിന് പിന്നാലെ ബൈക്കുകൾ കഷ്ടിച്ച് കടന്നുപോയിരുന്ന വശം വഴി കടക്കാൻ ശ്രമിച്ച കോഴി കയറ്റിയ പിക്കപ്പ് വാനും അപകടത്തിൽ പെട്ടതോടെ ഗതാഗതതടസം പൂർണമായി.
വലിയ വളവിൽ മറ്റ് വാഹനങ്ങൾക്ക് തിരിഞ്ഞു കയറാൻ കഴിയാതെ വന്നതോടെയാണ് ഗതാഗതം പൂർണമായും തടസപ്പെട്ടത്. വീരാജ്‌പേട്ടയിൽ നിന്നും എത്തിയ റിക്കവറി വാഹനം ഉപയോഗിച്ച് പിക്കപ്പ് വാൻ മാറ്റിയെങ്കിലും ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു. വള്ളിത്തോടുനിന്നും എത്തിയ വലിയ ക്രയിൻ ഉപയോഗിച്ച് ഇന്നലെ രാവിലെ 11 മണിയോടെയാണ് ലോറി നിവർത്തിയത്. ഇതിന് ശേഷം 11.15 ഓടെ വീരാജ്‌പേട്ട ഭാഗത്തുനിന്നുള്ള വാഹനങ്ങളെ കടത്തിവിട്ടതിന് ശേഷമാണ് കർണ്ണാടക ചെക്ക്പോസ്റ്റുകളിൽ തടഞ്ഞിട്ട കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ പുറപ്പെടാൻ അനുവദിച്ചത്.
ഓണത്തിനായി തിരിച്ചു; കാട്ടിൽ കുടുങ്ങി
വിമാനയാത്രയും മുടങ്ങി
ബാംഗ്ലൂർ,മൈസൂർ തുടങ്ങിയ സ്ഥലത്തുനിന്നും ഓണാവധിക്ക് വന്ന യാത്രക്കാർ അപകടം മൂലം മണിക്കൂറുകളോളമാണ് വനത്തിൽ കുടുങ്ങിയത് . നാൽപതിലധികം ടൂറിസ്റ്റ് ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളുമായി പെരുമ്പാടിവരെ വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപപെട്ടത്. പുലർച്ചെ നാലുമണിയോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ ചുരത്തിലൂടെ കാൽനടയായി കൂട്ടുപുഴയിൽ എത്തി. ഫോൺ നെറ്റ് വർക്ക് ഇല്ലാത്തതിനാൽ പുറലോകവുമായി ബന്ധപ്പെടാൻ കഴിയാതെയായിരുന്നു ഇവർ കാത്തുകെട്ടികിടന്നത്. കുടിവെള്ളം പോലും ഇവർക്ക് ലഭിച്ചില്ല . ഇരിട്ടി ഭാഗത്തേക്ക് എത്തേണ്ട പഴം പച്ചക്കറി വാഹനങ്ങളും ചുരത്തിൽ കുടുങ്ങി.വൃദ്ധന്മാരും രോഗികളും, കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിനാളുകളാണ് വനത്തിനുള്ളിൽ മണിക്കൂറുകളോളം ഒറ്റപെട്ടത് .വീരാജ്പേട്ടയിൽ നിന്നും ഉൾപ്പെടെ കണ്ണൂർ എയർപോർട്ടിലേക്ക് തിരിച്ചവരും ബ്ളോക്കിൽ പെട്ടിരുന്നു.ഇവർ യാത്ര മുടങ്ങിയതിനാൽ വലിയ പ്രതിസന്ധിയിലാണ് .
അപകടം ആവർത്തനം
കണ്ണൂരിനെ കർണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണ് മാക്കൂട്ടം ചുരം പാത. കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ വരുന്ന 19 കിലോമീറ്റർ പൊട്ടിപ്പൊളിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കർണാടക പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി തുടങ്ങിയിട്ടില്ല. വളവുകളിലെല്ലാം റോഡ് അപകടകരമായ അവസ്ഥയിലാണ് . കഴിഞ്ഞ ഒരുമാസത്തെ കണക്കിൽ ദിനംപ്രതി ഒന്നെന്ന നിലയിലാണ് വാഹനാപകടം നടക്കുന്നത്.വനത്തിനുള്ളിൽ മൊബൈൽ നെറ്റ് വർക്ക് ലഭ്യമല്ലാത്തതിനാൽ പുറംലോകം അറിയുന്നത് മണിക്കൂറുകൾക്ക് ശേഷം മാത്രമാണ്.