sfi

കണ്ണൂർ:കണ്ണൂർ സർവകലാശാല കോളേജ്‌ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്‌.ഐക്ക് വിജയം. കാസർകോട്‌, കണ്ണൂർ, വയനാട്‌ ജില്ലകളിലെ സംഘാടനാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ്‌ നടന്ന 66 കോളേജ് യൂണിയനുകളിൽ നാൽപത്തിയെട്ടിലും എസ്‌.എഫ്‌.ഐ വൻഭൂരിപക്ഷത്തോടെ ജയിച്ചു. കണ്ണൂർ ജില്ലയിലെ 45കോളേജുകളിൽ മുപ്പത്തിയേഴും കാസർകോട്ടെ പതിനേഴിൽ ഒൻപതിലും വയനാട്ടിലെ നാലിൽ രണ്ടും കോളേജിലാണ് എസ്‌.എഫ്‌.ഐ വിജയിച്ചത്.

കണ്ണൂരിൽ 24, കാസർകോട്‌ അഞ്ച്‌, വയനാട്‌ ഒന്ന്‌ വീതം കോളേജുകളിൽ എസ്‌.എഫ്‌.ഐ മുഴുവൻ സീറ്റിലും എതിരില്ലാതെ ജയിച്ചിരുന്നു. അതെ സമയം പത്തുവർഷത്തിനു ശേഷം കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ.വനിതാ കോളേജും കഴിഞ്ഞവർഷം നഷ്ടപ്പെട്ട അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജും കെ.എസ്.യു തിരിച്ചുപിടിച്ചു. വർഷങ്ങൾക്കുശേഷം മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ മത്സരിച്ച നാൽപത്തിയാറു സീറ്റിൽ മുപ്പത്തിയൊന്നിലും കെ.എസ് .യു വിജയിച്ചു. മുട്ടന്നൂർ കോൺകോട്‌ കോളേജ്‌ കെ.എസ്‌.യുവിന് നഷ്ടമായി. കണ്ണൂർ ജില്ലയിലെ തലശേരി ഗവ.ബ്രണ്ണൻ കോളേജ്‌, കണ്ണൂർ എസ്‌.എൻ കോളേജ്‌, തലശേരി കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഗവ.കോളേജ്‌, ശ്രീകണ്‌ഠപുരം എസ്.ഇ.എസ്‌ കോളേജ്‌, പയ്യന്നൂർ കോളേജ്‌, പെരിങ്ങോം ഗവ.കോളേജ്‌ , മട്ടന്നൂർ കോളേജ്‌ എന്നിവിടങ്ങളിലെല്ലാം എസ്‌.എഫ്‌.ഐ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കെ.എസ്‌.യുവിന്‌ കാലങ്ങളായി ആധിപത്യമുള്ള മാടായി കോളേജിൽ എട്ടിൽ നാല്‌ മേജർ സീറ്റുകളും നേടി.

കാസർകോട് ജില്ലയിൽ എളേരിത്തട്ട് ഇ.കെ.നായനാർ ഗവ. കോളേജ്‌, കരിന്തളം ഗവ.കോളേജ്‌, പള്ളിപ്പാറ ഐ.എച്ച്‌.ആർ.ഡി, ഐ.എച്ച് ആർ.ഡി മടിക്കൈ, എസ്.എൻ.ഡി.പി കലിച്ചാനടുക്കം കോളേജുകളിൽ എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചു. രാജപുരം സെന്റ്‌ പയസ്‌ കോളേജ്‌ കെ.എസ്.യുവിൽ നിന്ന്‌ എസ്.എഫ്.ഐ പിടിച്ചെടുത്തു. കാഞ്ഞങ്ങാട്‌ നെഹ്റു കോളേജ്‌, മുന്നാട്‌ പീപ്പിൾസ്‌ കോളേജ്‌, ഉദുമ ഗവ.കോളേജ്‌ എന്നിവിടങ്ങളിൽ എസ്‌.എഫ്‌.ഐ ജയിച്ചു. കാസർകോട്‌ ഗവ.കോളേജിൽ ഒമ്പതിൽ നാല്‌ മേജർ സീറ്റുകളും എസ്.എഫ്.ഐ നേടി. വയനാട്ടിൽ മാനന്തവാടി ഗവ. കോളേജിൽ മുഴുവൻ സീറ്റിലും എസ്‌.എഫ്‌.ഐ ജയിച്ചു. ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജ്‌ എം.എസ്‌.എഫും മേരിമാതാ കോളേജ്‌ കെ.എസ്‌.യുവും നേടി.