
കണ്ണൂർ: ''രാജ്യത്തിന് പുറത്ത് ഞാൻ ഇന്ത്യക്കാരൻ, രാജ്യത്തിനകത്ത് തെലുങ്കൻ, ആന്ധ്രയിൽ തീരദേശ ആന്ധ്രാക്കാരൻ'' നമ്മുടെ സംസ്‌കാരത്തിന്റെ വൈവിധ്യത്തെക്കുറിച്ച് ഒരിക്കൽ സീതാറാം യെച്ചൂരി പറഞ്ഞതിങ്ങനെയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് യെച്ചൂരി അവസാനമായി പാർട്ടിയുടെ കണ്ണൂർ കോട്ടയിലെത്തിയത്. കണ്ണൂരിലെ പ്രധാന ക്ഷേത്രമായ മാടായിക്കാവിലെ പൂജാ പ്രസാദമായ കോഴി മാംസ വിഭവത്തെ കുറിച്ചും യെച്ചൂരി അപ്പോൾ പറഞ്ഞു.
നമുക്ക് വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭാഷയുമെല്ലാമുണ്ട്. എന്നാൽ, എല്ലാത്തിലുമുപരിയായി നാമെല്ലാം ഇന്ത്യക്കാരാണ്. ഈ വ്യത്യസ്തതകളെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നായിരുന്നു ഇതിലൂടെ സി.പി.എമ്മിന്റെ അമരക്കാരൻ അന്ന് സൂചിപ്പിച്ചത്.
2022 ഏപ്രിലിൽ കണ്ണൂരിൽ നടന്ന 23 ാം പാർട്ട് കോൺഗ്രസിലാണ് യെച്ചൂരി മൂന്നാം വട്ടവും സി.പി.എമ്മിന്റെ അമരത്തെത്തിയത്. 1964ൽ പാർട്ടി രൂപീകൃതമായതുമുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) കോട്ടയായി തുടരുന്ന കണ്ണൂരിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ച് അന്ന് യെച്ചൂരി പ്രത്യേകം പരാമർശിച്ചിരുന്നു.മതപരമായ ആഭിമുഖ്യമുള്ള ആളുകൾ പലപ്പോഴും വിവിധ ആരാധനാലയങ്ങളിൽ അനുഗ്രഹം തേടി തീർത്ഥയാത്ര നടത്താറുണ്ട്. വീരമൃത്യു വരിച്ച കയ്യൂർ, കരിവെള്ളൂർ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാതെ ഒരു വിപ്ലവ തീർത്ഥയാത്ര ഒരിക്കലും പൂർത്തിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശാഖപട്ടണത്ത് പാർട്ടി കോൺഗ്രസ് നടന്നപ്പോൾ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി എത്തിയത്. എസ്.ആർ.പിയുടെ പേരും ശക്തമായി ഉയർന്ന പാർട്ടി കോൺഗ്രസിൽ അവസാന ദിനം മാത്രമാണ് യെച്ചൂരി നയിക്കട്ടെ എന്ന ധാരണയുണ്ടായത്. ഹൈദരാബാദ് പാർട്ടി കോൺഗ്രസിലും നാടകീയ നീക്കങ്ങൾക്കൊടുവിലാണ് യെച്ചൂരി തുടരാൻ കേരള ഘടകം ഉൾപ്പടെ പച്ചക്കൊടി കാട്ടിയത്. എന്നാൽ പാർട്ടി കോൺഗ്രസ് കണ്ണൂരിലെത്തിയപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് തർക്കം ഉണ്ടായില്ല. മുൻ പാർട്ടി കോൺഗ്രസുകളിൽനിന്ന് വ്യത്യസ്തമായി, എതിർപ്പുകൾ ദുർബലമാക്കി പാർട്ടിയിൽ അജയ്യനായ യെച്ചൂരിയെ ആണ് കണ്ണൂരിൽ കണ്ടത്.