
കണ്ണൂർ:പി.വി.അൻവർ എം.എൽ.എ നടത്തിക്കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ ഭരണത്തെയെന്നപോലെ പാർട്ടിയെയും പിടിച്ചുലയ്ക്കുന്നു. കണ്ണൂരിലെ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജനെ കുടുക്കാൻ എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ശ്രമിച്ചെന്നതാണ് കണ്ണൂർ സി.പി.എമ്മിൽ പ്രകമ്പനം സൃഷ്ടിച്ചിരിക്കുന്നത്. പി.ശശിയെ ലക്ഷ്യം വച്ചുള്ള ആരോപണം പക്ഷേ കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങളുമായി ബന്ധപ്പെട്ടാണ് ചർച്ച ചെയ്യപ്പെടുന്നത്.
ഇപ്പോൾ ബ്രാഞ്ച് സമ്മേളനങ്ങളിലും ലോക്കൽ, ഏരിയാ, ജില്ലാ സമ്മേളനങ്ങളിലും ഈ വിഷയം ചർച്ച ചെയ്യപ്പെടാനാണ് സാദ്ധ്യത. തലശേരിയിലെ ഫസൽ വധക്കേസിലാണ് കാരായി രാജനെ പ്രതി ചേർത്തത്. കോടതി വിചാരണ വേളയിൽ ക ണ്ണൂരിൽ പ്രവേശിക്കുന്നത് വിലക്കപ്പെട്ടതിനെ തുടർന്ന് ഒന്നരവർഷത്തോളം എറണാകുളം അമ്പലമുകളിലായിരുന്നു കാരായി ക ഴിഞ്ഞത്. ഇതിന് ശേഷം കണ്ണൂർ രാഷ്ട്രീയത്തിൽ വീണ്ടും സജീവമായ സമയത്ത് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കാൻ ശ്രമിച്ച കേസിൽ കുടുക്കാൻ ശ്രമം നടന്നുവെന്നായിരുന്നു അൻവറിന്റെ ആരോപണം. എ.ഡി.ജി.പി അജിത്കുമാറും പൊലീസിലെ ചില സംഘപരിവാർ അനുകൂലികളുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് അൻവറിന്റെ ആരോപണം. പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഈ വിവരം പരാമർശിക്കുന്നതിന്റെ തെളിവും അൻവർ പുറത്തുവിട്ടിട്ടുണ്ട്. ഇതിനൊപ്പം തിരുവനന്തപുരത്തെ ഡി.വൈ.എഫ്.ഐ നേതാവ് ഐ.പി.ബിനുവിനെ കേ സിൽ കുടുക്കാൻ ശ്രമിച്ചതായും അൻവർ ആരോപിക്കുന്നുണ്ട്.
പി.വി.അൻവറിന്റെ ആരോപണം
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കാൻ ശ്രമിച്ച കേസിൽ കാരായി രാജനെ കുടുക്കാൻ എ.ഡി.ജി.പി ശ്രമിച്ചു
പ്രതികരിക്കാതെ പ്രമുഖർ
അൻവറിന്റെ ആരോപണങ്ങളിൽ ആഭ്യന്തര വകുപ്പിൽ വിശ്വാസമെന്നാണ് കാരായി രാജന്റെ പ്രതികരണം. അതെ സമയം കണ്ണൂരിലെ പ്രമുഖ നേതാക്കളുടെ ഭാഗത്തു നിന്ന് നിലവിൽ പ്രതികരണങ്ങളുണ്ടായിട്ടില്ല. ഫസൽ വധക്കേസിൽ പ്രതിപട്ടികയിലുൾപ്പെടുത്തിയപ്പോൾ കണ്ണൂരിലെ സി.പി.എം നേതൃത്വം ഒറ്റക്കെട്ടായി കാരായി രാജനോടൊപ്പമായിരുന്നു.