കൂത്തുപറമ്പ്: വർഷമൊന്ന് പിന്നിട്ടിട്ടും പണി പൂർത്തിയാവാതെ കൂത്തുപറമ്പ് റിംഗ് റോഡ്. രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള കൂത്തുപറമ്പ് പഴയനിരത്ത് റോഡ്, കൂത്തുപറമ്പ് പുറക്കളം റോഡ്, പഴയനിരത്ത് വഴി തൊക്കിലങ്ങാടിയിലേക്ക് എളുപ്പം പ്രവേശിക്കാനുള്ള റോഡ് ആണിത്. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ചരക്ക് വാഹനങ്ങളും മറ്റും ഇതുവഴിയാണ് പോയിരുന്നത്.

ഒരു വർഷം മുമ്പാണ് റിംഗ് റോഡിന്റെ പ്രവൃത്തി ആരംഭിച്ചത്. റോഡ് കൂടുതൽ വീതി കൂട്ടിയും ഇരുവശത്തും ഓവുചാലുകൾ പണിതും നവീകരിക്കുകയായിരു ന്നു ലക്ഷ്യം. നിലവിൽ റോഡിന്റെ പ്രവൃത്തി ഏറെ ബാക്കി കിടക്കുകയാണ്. റോഡ് പ്രവൃത്തി നടക്കുന്നതിനാൽ അനുബന്ധ റോഡുകളിലേക്കും റോഡിനോട് ചേർന്ന് നിൽക്കുന്ന വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വാഹനം കയറ്റാൻ പോലും പറ്റാതെ പ്രയാസപ്പെടുകയാണ്. റോഡിന്റെ പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രവൃത്തി പൂർത്തിയായാൽ കൂത്തുപറമ്പ് ടൗണിലെ ഗതാഗതക്കുരുക്കിനും ഏറെ ശമനം ഉണ്ടാകും.