yechoori-

കാസർകോട്: വിദ്യാർത്ഥി നേതാവായിരുന്ന കാലഘട്ടം മുതൽ വടക്കൻ കേരളവുമായി ആത്മബന്ധം സൂക്ഷിച്ചിരുന്നു വിടപറഞ്ഞ സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഖിലേന്ത്യാ നേതാവിന്റെ തലക്കനം ഇല്ലാതെ താഴെത്തട്ടിലെ പ്രവർത്തകർ മുതൽ മുതിർന്ന നേതാക്കൾ വരെയുള്ളവരോട് ചിരിച്ചും കൈ പിടിച്ചും സൗഹൃദം പങ്കിടുന്ന യെച്ചൂരിയോട് വല്ലാത്ത അടുപ്പമായിരുന്നു കാസർകോട്ടെ കറകളഞ്ഞ പാർട്ടി പ്രവർത്തകർക്ക്.

യെച്ചൂരി എവിടെ വന്നാലും കാണാനും കേൾക്കാനും ആളുകൾ കൂടിയിരുന്നു. എവിടെ വച്ച് കണ്ടാലും കാസർകോടിന്റെ വിശേഷങ്ങളും രാഷ്ട്രീയവും ഓർമ്മയോടെ തിരക്കുന്ന നേതാവായിരുന്നു യെച്ചൂരിയെന്ന് ജില്ലയിലെ മുതർന്ന നേതാക്കൾ പറഞ്ഞു. വിദ്യാർത്ഥി നേതാവായിരുന്ന കാലം തൊട്ട് അദ്ദേഹം കാസർകോട് ജില്ലയിലും കാസർകോട് നഗരത്തിലും വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീട് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയതിന് ശേഷവും യെച്ചൂരി കാസർകോട്ട് ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും പാർട്ടി വർഗബഹുജനസംഘടനകളുടെയും പരിപാടികളിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലെത്തിയത് കഴിഞ്ഞ ഡിസംബർ 28 നായിരുന്നു സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ ചെർക്കളയിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യസമ്മേളനം ഉദ്ഘാടനം ചെയ്തത് യെച്ചൂരിയായിരുന്നു. ദീർഘനേരം ദേശീയ, സാർവ്വദേശീയ രാഷ്ട്രീയം സംസാരിച്ചാണ് യെച്ചൂരി അന്ന് മടങ്ങിയത്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും സംസ്ഥാന സമിതി അംഗം അഡ്വ. സി.എച്ച് കുഞ്ഞമ്പുമായിരുന്നു ആ പരിപാടിയുടെ മുഖ്യസംഘാടകർ.

എളിമയുടെ ആൾരൂപം: സി.എച്ച് കുഞ്ഞമ്പു

അഖിലേന്ത്യാ നേതാവിന്റെ അകൽച്ചയില്ലാതെ എല്ലാവരോടും ഒരു പോലെ ഇടപഴകുന്ന വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരിയുടെതെന്ന് സി.പി.എം സംസ്ഥാന സമിതി അംഗവും ഉദുമ എം.എൽ.എയുമായ സി എച്ച്.കുഞ്ഞമ്പു പറഞ്ഞു. തലക്കനം ഒട്ടുമില്ലാത്ത അദ്ദേഹം എല്ലാവരോടും ഇടപഴകി. ഒരു കമ്മ്യൂണിസ്റ്റുകാരന് ഉണ്ടാകേണ്ട എല്ലാ സവിശേഷതയും ഒത്തിണങ്ങിയ വ്യക്തിത്വം.പാർട്ടി ജനറൽ സെക്രട്ടറിയെന്ന ഭാരിച്ച ഉത്തരവാദിത്വത്തിലിരുന്നിട്ടും നിഷ്ക്കളങ്കതയും സൗമ്യതയും കൈവിടാതെയായിരുന്നു അദ്ദേഹത്തിന്റെ ഇടപഴകലെന്നും സുദീർഘമായ അനുഭവങ്ങൾ പങ്കിട്ട് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അനുസ്മരിച്ചു.