
കണ്ണൂർ: ഉത്രാടത്തലേന്നും സപ്ലൈകോ മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങളുടെ അഭാവമെന്ന് ആക്ഷേപം. ഓരോ ദിവസവും ഏറെ പ്രതീക്ഷയോടെ സാധനങ്ങൾ വാങ്ങാൻ എത്തിയവർ നിരാശരായി മടങ്ങി. ജില്ലയിലെ ഉൾപ്രദേശങ്ങളിലെ സ്‌റ്റോറുകളിലാണ് അലമാരകൾ കാലിയായത്.
ഓണവിപണിയിൽ വില വർദ്ധനവ് പിടിച്ചുനിർത്താൻ ഓണച്ചന്തയടക്കം നടത്തി സാധാരണക്കാർക്ക് താങ്ങായിരുന്ന സിവിൽ സപ്ലൈസ് വകുപ്പിൽ പക്ഷേ ഇത്തവണ വില വർദ്ധനവുമുണ്ടായി. അരി, പഞ്ചസാര, പരിപ്പ് എന്നിവയുടെ വില വർദ്ധിപ്പിച്ചിരുന്നു.മാവേലി സ്റ്റോറുകളിൽ മുഴുവൻ സബ്സിഡി സാധനങ്ങളും യഥേഷ്ടം ലഭ്യമാണെന്ന് മന്ത്രി ആവർത്തിക്കുമ്പോഴാണ് പലയിടത്തും സപ്ലൈകോ മാവേലി സ്റ്റോറുകൾ കാലിയാണ്. അതെ സമയം സബ്സിഡി സാധനങ്ങൾ ഒഴികെ മറ്റ് ഉത്പന്നങ്ങളെല്ലാം ഉണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.
13 സബ്സിഡി സാധനങ്ങളിൽ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ചിലയിടങ്ങളിലുള്ളത്. മറ്റിടങ്ങളിൽ അതും ലഭ്യമല്ല.പലയിടത്തും അരി പോലും സ്‌റ്റോക്കില്ലകൂടിയ വിലയുടെ അരിയും വില കൂടിയ സോപ്പും മുളകുപൊടിയടക്കമുള്ള പായ്ക്കറ്റ് ഉൽപന്നങ്ങളും മറ്റും വാങ്ങേണ്ടിവന്നു.
സബ്സിഡി സാധനങ്ങൾ
മട്ട അരി, ജയ, കുറുവ, പച്ചരി (ഏതെങ്കിലും ഒന്ന് ഒരു കാർഡിന് അഞ്ച് കിലോ മാത്രം), പഞ്ചസാര, ചെറുപയർ, ഉഴുന്നുപരിപ്പ്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവ കാർഡൊന്നിന് ഒരു കി.ഗ്രാം വീതം മാത്രം, മുളക് അര കിലോ മല്ലി അര കിലോ, അര ലിറ്റർ വെളിച്ചെണ്ണ എന്നിങ്ങനെയാണ് സബ്സിഡി നിരക്കിലുള്ള 13 നിത്യോപയോഗ സാധനങ്ങൾ ലഭിച്ചിരുന്നത്. 1203 രൂപയുടെ സാധനങ്ങൾ 428 രൂപ വ്യത്യാസത്തിൽ 775 രൂപക്ക് ലഭിക്കുമെന്നായിരുന്നു സപ്ളൈകോ പരസ്യം. കൂടാതെ പ്രമുഖ ബ്രാൻഡുകളുടെ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.