gopi

കണ്ണൂർ: ആർ.എസ്.എസ് .ജെ.പി നേതാവായിരുന്ന പി.പി. മുകുന്ദന്റെ ജ്വലിക്കുന്ന ഓർമ്മകൾ സാമൂഹ്യരാഷ്ട്രീയ പ്രവർത്തനത്തിന് എക്കാലത്തും വലിയ പ്രചോദനമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. പി.പി.മുകുന്ദൻ ഒന്നാം ചരമവാർഷിക അനുസ്മരണത്തോടനുബന്ധിച്ച് കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തന്നെ പോലെയുളള നിരവധി പേർക്ക് അദ്ദേഹത്തിന്റെ ജീവിതം പ്രേരണയും പ്രചോദനവുമായിട്ടുണ്ട്. രാഷ്ട്രീയത്തിനധീതമായ ബന്ധം വെച്ചു പുലർത്തിയ അദ്ദേഹവുമായുളള ബന്ധത്തിന്റെ ഫലമായാണ് രാഷ്ട്രീയ രംഗത്തേക്കും സംഘ ആദർശങ്ങളിലേക്കും പ്രസ്ഥാനങ്ങളിലേക്കും മാനസികമായി താൻ പ്രവേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പേ തന്റെ വീടുമായി വളരെ അടുത്ത ബന്ധം മുകുന്ദേട്ടൻ പുലർത്തിയിരുന്നു. 1986-88 കാലത്ത് മേനകാ സുരേഷാണ് മുകുന്ദേട്ടനുമായി കൂടികാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ഛനെ പോലെ വലിയച്ഛനെ പോലെ അദ്ദേഹം തന്റെ കുടുംബത്തിൽ അദ്ദേഹം വളരെ ആധികാരികമായി ഇടപെട്ടു. കണ്ണൂരിലെത്തിയാൽ തലതൊട്ടപ്പൻ മുകുന്ദേട്ടനായിരുന്നു. 12 വർഷക്കാലത്തോളം കൊട്ടിയൂർ തീർത്ഥാടനത്തിനെത്തിയപ്പോൾ മുകുന്ദേട്ടന്റെ വീട് തനിക്ക് ആതിഥേയത്വം നൽകി. പി.പി.മുകുന്ദന്റെ വേർപാട് വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു.
രാഷ്ട്രീയ വൈരുദ്ധ്യം പൊതു നന്മയ്ക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന് നല്ല ഉദാഹരണമാണ് മുകുന്ദേട്ടന്റെ പ്രവർത്തനങ്ങളെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പേരിലുളള ആദ്യ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നുവെന്നത് അനുഗ്രഹമാണെന്നും വരും വർഷങ്ങളിലും അദ്ദേഹത്തിന്റെ പേരിലുളള പുരസ്‌ക്കാരം നൽകാൻ തന്റെ മകളുടെ പേരിലുളള ട്രസ്റ്റിൽ നിന്നും പത്ത് കൊല്ലത്തേക്കുളള തുക കൈമാറുമെന്നും രാഷ്ട്രീയ ഭേദമന്യേ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന ആർക്കും പുരസ്കാരം നൽകാമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദൻ, സെക്രട്ടറി കെ.രഞ്ജിത്ത്, ദേശീയ സമിതിയംഗങ്ങളായ എ.ദാമോദരൻ, പി.കെ.വേലായുധൻ, സി.രഘുനാഥ് എന്നിവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എം.ആർ.സുരേഷ് നന്ദിയും പറഞ്ഞു. ആർ.എസ്.എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉൾപ്പെടെയുള്ള നിരവധി സംഘപരിവാർ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.