
തളിപ്പറമ്പ്: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാകമ്മിറ്റി പരിയാരം ചിതപ്പിലെ പൊയിൽ നിർമ്മിച്ച സാന്ത്വന വീടിന്റെ താക്കോൽ ഇന്ന് നൽകും. സംഘടനയുടെ തളിപ്പറമ്പിൽ നടന്ന 32ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്.ചിതപ്പിലെ പൊയിലെൽ വലിയവീട്ടിൽ പാറുവിനാണ് ഏഴുലക്ഷം ചിലവിൽ വീട് നിർമ്മിച്ചത്. നാല് മാസംകൊണ്ടാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. ഇന്ന് രാവിലെ പത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ വീടിന്റെ താക്കോൽ പാറുവിന് കൈമാറും. ഗൃഹോപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം.കൃഷ്‌ണൻ കൈമാറും. കരാറുകാരൻ വി.പി.സത്യന് പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ ഉപഹാരം നൽകും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ.കരുണാകരൻ, ഇ.മുകുന്ദൻ, ജില്ലാ പ്രസിഡന്റ് ടി.ശിവദാസൻ, പി.പി.ദാമോദരൻ, പി.കുഞ്ഞിക്കണ്ണൻ, കെ.പുഷ്‌പജൻ എന്നിവർ പങ്കെടുത്തു.