green-leaf

കണ്ണൂർ:ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നൽകുന്ന സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ് രജിസ്ട്രേഷൻ കണ്ണൂർ ജില്ലയിൽ പൂർത്തിയായി.

പദ്ധതി പൂർത്തിയാകുന്നതോടെ അതിഥികളായി കണ്ണൂരിൽ എത്തുന്നവർക്ക് റേറ്റിംഗ് നോക്കി ഇഷ്ടമുള്ള ഇടത്ത് താമസിക്കുന്നതിനുള്ള സൗകര്യമൊരുങ്ങും.

ജില്ലയിൽ 87 സ്ഥാപനങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 63 അപേക്ഷകളുടെ പരിശോധന പൂർത്തിയായതായി അധികൃതർ പറഞ്ഞു.റേറ്റിംഗിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഇത്തരം സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരത്തിലെ വിശ്വാസ്യതയും അതിലൂടെ ബിസിനസ്സ് സാദ്ധ്യതകളും വർദ്ധിപ്പിക്കുന്നതിന് സഹായകമാവും.

അടുത്ത ആഴ്ച കളക്ടറുടെ ചേമ്പറിൽ ചേരുന്ന ജില്ല കമ്മിറ്റിയിൽ അപേക്ഷകൾ പരിശോധിച്ച ശേഷം എത്ര സ്ഥാപനങ്ങൾക്ക് റേറ്റിംഗ് നൽകാൻ കഴിയും എന്ന കാര്യത്തിൽ തീരുമാനമെടുക്കും.റേറ്റിംഗ് നൽകി കഴിഞ്ഞാൽ ജില്ലയിൽ എത്തുന്ന ഏവർക്കും ശുചിത്വ റേറ്റിംഗ് നോക്കി താമസിക്കാൻ സ്ഥലം കണ്ടെത്താം. കേന്ദ്ര ടൂറിസം വകുപ്പും സ്വച്ഛത ഭാരത് മിഷനും ചേർന്ന് നൽകുന്ന സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ് പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് ശുചിത്വമിഷനാണ്.

നിലവിൽ ജില്ലയിലെ മലയോര മേഖലാ ടൂറിസം കേന്ദ്രങ്ങളാണ് റേറ്റിംഗ് നടപ്പാക്കുന്നത്.നടുവിൽ, ഉദയഗിരി, ആലക്കോട്, ഏരുവേശി, ഉളിക്കൽ, പേരാവുർ, ഇരിട്ടി തുടങ്ങിയ ഇടങ്ങിളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ എത്തിയത്. താമസയോഗ്യമായ അഞ്ച് മുറികളെങ്കിലുമുള്ള സ്ഥാപനങ്ങൾക്കാണ് റേറ്റിംഗ് നൽകുന്നത്. ശൗചാലയ സൗകര്യങ്ങൾ,ഖരമാലിന്യ സംസ്കരണം,ശുദ്ധ ജല ലഭ്യത തുടങ്ങിയവ പരിശോധിച്ചാണ് റേറ്റിംഗ് നൽകുക. റേറ്റിംഗിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഇത്തരം സ്ഥാപനങ്ങളുടെ ശുചിത്വനിലവാരത്തിലെ വിശ്വസ്തയും അതിലൂടെ ബിസ്നസ് സാധ്യതയും വർദ്ധിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ സ്വയം വിലയിരുത്തൽ നടത്താം, അതിനുശേഷം ശുചിത്വ മിഷൻ പരിശോധിച്ച് റേറ്റിംഗ് നൽകും. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും സിംഗിൾ ലീഫ് റേറ്റിംഗിന് അർഹരാണെന്ന് ശുചിത്വമിഷൻ അധികൃതർ പറഞ്ഞു.

ഗ്രീൻ ലീഫ് റേറ്റിംഗ്

അതിഥികൾക്ക് താമസസൗകര്യം ഒരുക്കുന്ന ഗ്രാമീണ മേഖലയിലെ ഹോം സ്റ്റേകൾ,ഹോട്ടലുകൾ,റിസോർട്ടുകൾ എന്നിവയുടെ ശുചിത്വ-മാലിന്യ സംസ്കരണ റേറ്റിംഗ് ആണ് ഗ്രീൻ ലീഫ് റേറ്റിംഗ് .ശുചിത്വ നിലവാരത്തിൽ ‍ പാലിക്കുന്ന കൃത്യതക്കുള്ള അംഗീകാരം കൂടിയാണ് സ്വച്ഛത ഗ്രീന്റ്‍ ലീഫ് റേറ്റിംഗ്.

റേറ്റിംഗ് മൂന്ന് തരം

സിംഗിൾ ലീഫ് -100 മുതൽ 130 വരെ

ത്രീ ലീഫ് 131 മുതൽ 180 വരെ

ഫൈവ് ലീഫ് 181 മുതൽ 200