poombatta

നീലേശ്വരം: യുവ കർഷകനും കാസർകോട് എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ കോളംകുളത്തെ ഹരീഷിന്റെ വീട്ടുമുറ്റം വർണചിത്രം പോലെ മനോഹരമാക്കി പൂമ്പാറ്റക്കൂട്ടം. ദേശാടനം ചെയ്ത് കരിനീല കടുവ ഇനത്തിൽപ്പെട്ട പൂമ്പാറ്റകളാണ് വൃന്ദാവനമെന്ന വീടിന് മുന്നിൽ ഒരുക്കിയ കിലുക്കാംപ്പെട്ടി (റാറ്റിൽവീഡ്)​ ചെടികളെ പൊതിഞ്ഞ് വിസ്മയക്കാഴ്ചയാകുന്നത്.

നൂറു കണക്കിന് പൂമ്പാറ്റകളാണ് ചെടിയിലേക്ക് ദൂരെ നിന്നും പറന്നെത്തുന്നത്. ഇവയോടൊപ്പം നീലയും മഞ്ഞയും നിറങ്ങളിലുള്ള മറ്റു പൂമ്പാറ്റകളും വിരുന്നു വരുന്നുണ്ട്. തുടർച്ചയായി അഞ്ചാമത്തെ വർഷമാണ് പൂമ്പാറ്റച്ചെടി ഹരീഷ് വീട്ടുമുറ്റത്ത് വളർത്തുന്നത്.എല്ലാവർഷവും സെപ്തംബർ,ഒക്ടോബർ മാസങ്ങളിലാണ് ഈ ചെടി വളർന്നു പന്തലിക്കുന്നത്. ചെടിയുടെ ഇലയിൽ നിന്ന് നീര് കുടിച്ചു തീർത്താണ് ഇവയുടെ മടക്കം.
ആൺ വർഗത്തിൽ പെട്ട പൂമ്പാറ്റകൾ മാത്രമെ ചെടിയിൽ ഇരിക്കുകയുള്ളു. പൂമ്പാറ്റകളുടെ വരവിനായി ആറു മാസം മുമ്പ് ഹരീഷ് വിത്തിട്ട് മുളപ്പിച്ച് ചെടികളെ വലുതായി വളർത്തിയെടുക്കും. നിരവധി അപൂർവ സസ്യങ്ങളുടെ വിത്തുകൾ സംരക്ഷിക്കുന്ന മണ്ണിന്റെ കാവലാൾ കുട്ടായ്മക്ക് നേതൃത്വം വഹിക്കുന്നുണ്ട് ഹരീഷ് .

പൂമ്പാറ്റച്ചെടി അല്ലാതെന്ത്
മഞ്ഞപ്പൂക്കളുള്ള കിലുക്കാംപെട്ടിച്ചെടിയുടെ മറ്റൊരു വകഭേദമാണ് ഇംഗ്ലിഷിൽ 'റാറ്റിൽ വീഡ്' എന്നുപേരുള്ള പൂമ്പാറ്റകളെ ആകർഷിക്കുന്ന ഈ ചെടി. ശാസ്ത്രനാമം ക്രോട്ടലേറിയ റെട്ട്യൂസ. ഈ ചെടിയുടെ ഇലകളിലും തണ്ടിലും മറ്റും അടങ്ങിയിട്ടുള്ള പൈറോളിസിഡിൻ ആൽക്കലോയിഡ് ഗണത്തിൽപ്പെട്ട മോണോ കോട്ടാലിൽ എന്ന പദാർഥം ആൺപൂമ്പാറ്റകളിൽ ഫിറോമോൺ ഉൽപാദിപ്പിക്കാൻ ആവശ്യമാണ്. അതുകൊണ്ടു തന്നെ ആൺചിത്രശലഭങ്ങളാണ് ഈ ചെടിയിൽ വന്നെത്തുന്നതിലേറെയും.

ചെടിയുടെ ഉണങ്ങിയ ഇലകളിൽനിന്നും മുറിവുകളിൽനിന്നും ഊറി വരുന്ന ദ്രാവകത്തിൽ ഈ ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്. പെൺ പൂമ്പാറ്റകൾ ചെടിയിൽ മുട്ടയിടുകയും മുട്ട വിരിഞ്ഞു വരുന്ന ക്യാറ്റർപില്ലർ ഇലകൾ തിന്ന് വളരുകയും ചെയ്യുന്നു.പരമാവധി രണ്ടടിയേ ഉയരം വയ്ക്കാറുള്ളൂ. ചെറിയ ചെടിയായിരിക്കുമ്പോൾ മുതൽ പൂമ്പാറ്റകൾ വിരുന്നെത്തും. കറുപ്പുനിറമുള്ള കായ്കൾ സ്വമേധയാ പൊട്ടിത്തുറന്ന് വിത്തുകൾ മണ്ണിൽ വീണു കിളിർത്തു വരും.