ചാല: ചാല നടാൽ ബൈപ്പാസ് കവലയിലും ചാല അമ്പലം അണ്ടർപാസിലും പൊടിശല്യം രൂക്ഷം. മഴ കുറഞ്ഞതോടെയാണ് പൊടിയുയരാൻ തുടങ്ങിയത്. വാഹനങ്ങൾ പോകുമ്പോൾ റോഡിൽ നിന്ന് വൻതോതിൽ പൊടി ഉയരുന്നതു കാരണം കച്ചവടക്കാർക്ക് കടകൾ തുറക്കാൻ കഴിയുന്നില്ലെന്ന പരാതിയുണ്ട്.
കടകളിൽ മുഴുവൻ പൊടി നിറഞ്ഞു. സ്ഥിരമായി പൊടി ശ്വസിച്ച പലർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതിയുണ്ട്.
പൊടിശല്യം കാരണം ചിലർ കടകൾ അടച്ചിരിക്കുകയാണ്. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വലിയ വാഹനങ്ങൾ ഇതിലൂടെ പോകുന്നുണ്ട്. ഇതു കാരണം റോഡ് വ്യാപകമായി തകർന്നിട്ടുണ്ട്. റോഡിലെ കുഴികളിൽ മെറ്റൽ നിരത്തി ക്വാറികളിലെ പൊടി വിതറിയതോടെയാണ് പൊടിശല്യമുണ്ടായത്. മുന്നിൽ വാഹനങ്ങൾ പോകുമ്പോൾ ഉയർന്നുപൊങ്ങുന്ന പൊടി കാരണം ഇരു ചക്രവാഹനങ്ങളിൽ പോകുന്നവർക്കും കാൽനട യാത്രക്കാർക്കും കണ്ണിൽ പൊടിനിറയുന്നു.
ചാല അണ്ടർപാസിലും സ്ഥിതി ഇതുതന്നെ. റോഡ് നിർമ്മാണം നടക്കുന്നതിനാൽ വൻതോതിൽ പൊടി ഉയരുന്നു. ഇവിടെയും റോഡിലെ കുഴികളടച്ചത് കരിങ്കൽപ്പൊടിയും ചീളുകളും ഉപയോഗിച്ചാണ്. സമീപത്തെ വീട്ടുകാരും പൊടിശല്യം കാരണം ദുരിതത്തിലായി.
ദുരിതം രോഗികൾക്കും
ചാല ബൈപ്പാസിലെ സ്വകാര്യ ആശുപത്രികളിലേക്ക് ദിവസേനയെത്തുന്നത് നൂറുകണക്കിന് രോഗികളാണ്. പോകുകയും വരികയും ചെയ്യുന്ന രോഗികളും ബസ് കാത്തുനിൽക്കുന്നത് ഇവിടെയാണ്. കൂടാതെ നിരവധി ജീവനക്കാരും ഇതിലൂടെയാണ് പോകുന്നത്.
വീടുകൾ അടച്ചിടേണം
സമീപത്തെ വീടുകളിലെ ജനലും വാതിലും തുറക്കാൻ കഴിയുന്നില്ല. പൊടി ശ്വസിച്ച് കുട്ടികൾക്ക് അസുഖങ്ങൾ വരുന്നു. റോഡ് റീടാർ ചെയ്ത് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരത്തിനിറങ്ങാനൊരുങ്ങുകയാണ് വ്യാപാരികൾ.