പയ്യാവൂർ: ആധുനിക ചികിത്സാ സൗകര്യങ്ങൾ ഏറെയുള്ള മംഗളൂരുവിലേക്ക് കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുംവിധം പയ്യാവൂർ -മംഗളൂരു കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് പയ്യാവൂരിൽ ചേർന്ന കേരള കോൺഗ്രസ് എം മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. വൈകുന്നേരം നാലിന് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് ആറ് മണിയോടെ പയ്യാവൂരിലെത്തി പുലർച്ചെ നാലിന് പയ്യാവൂരിൽ നിന്ന് ചെമ്പേരി, നടുവിൽ, ചപ്പാരപ്പടവ്, പെരുമ്പടവ്, പാടിയോട്ടുചാൽ, ചീമേനി നീലേശ്വരം, കാഞ്ഞങ്ങാട് വഴി നാലര മണിക്കൂർ യാത്ര ചെയ്താൽ മംഗളൂരുവിൽ എത്താൻ കഴിയും. പൈതൽ മല, പാലക്കയംതട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങൾ , കുന്നത്തൂർ, കൊട്ടിയൂർ ക്ഷേത്രങ്ങൾ, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക, വിമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലേക്ക് വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് അനായാസം എത്തിച്ചേരാനും ഈ ബസ് സഹായകരമാകും. സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് മണ്ഡപത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിനു മണ്ഡപം, ബിജു പുതുക്കള്ളിൽ, നോബിൻസ്, ജെയ്സൺ കാച്ചപ്പിള്ളിൽ, ജോസഫ് ചക്കാനിക്കുന്നേൽ, ചാക്കോ കാരത്തുരുത്തേൽ, ടോമി വടക്കുംവീട്ടിൽ, തുളസീധരൻ നായർ, ജോസ് വെട്ടത്ത്, തങ്കച്ചൻ തോമസ്, റോഷൻ ഓലിയ്ക്കൽ, ജിനോ തേക്കുംകാട്ടിൽ എന്നിവർ പ്രസംഗിച്ചു.