
കണ്ണൂർ: കമുക് കർഷകർക്ക് തിരിച്ചടിയായി കടുത്ത രോഗബാധയും ഉത്പാദനക്കുറവും. സമീപകാലത്ത് ലഭിച്ചുകൊണ്ടിരുന്ന മോശമല്ലാത്ത വിലയും ഇടിഞ്ഞുതുടങ്ങിയതോടെ വലിയ പരിചരണം വേണ്ടിവരുന്ന ഈ കൃഷി തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് പലരും.
ചില്ലറ ദുരിതമല്ല കാലാവസ്ഥാ വ്യതിയാനം കമുക് കർഷകർക്ക് വരുത്തി വച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉത്പാദനം ഗണ്യമായി കുറഞ്ഞു. കുലകളിൽ അടക്കകളുടെ എണ്ണവും കുറയുകയാണ്. മഞ്ഞളിപ്പിന് പുറമേ ഇലപ്പുള്ളി രോഗവും പൂങ്കുല കരിയലുമാണ് കമുകിന്റെ വില്ലൻ. കൃഷി സംരക്ഷിക്കുന്നതിനോ, രോഗവ്യാപനം തടയുന്നതിനോ കാര്യക്ഷമമായി ഇടപെടാൻ കൃഷിവകുപ്പിന് കഴിയുന്നില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്. രോഗം ബാധിച്ച കമുകിന്റെ ഓലകൾ ദ്രവിക്കുകയും പിന്നീട് കരിഞ്ഞു ഉണങ്ങുകയുമാണു ചെയ്യുന്നത്. ക്രമേണ കമുക് പൂർണമായും നശിക്കുകയും ചെയ്യും.
ന്യായ വില ആശ്വാസം
അടുത്ത കാലത്തായി കൃഷിയിൽ അടക്കയ്ക്ക് മാത്രമാണു വിപണിയിൽ നിന്നു ന്യായവില ലഭിക്കുന്നുള്ളുവെന്നാണു കർഷകർ പറയുന്നത്. പക്ഷേ കഴിഞ്ഞ വർഷം കിലോയ്ക്ക് 480 രൂപ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ നൂറു രൂപ കുറഞ്ഞ് 380 രൂപയാണ് വില.
പ്രതീക്ഷകളെ കെടുത്തിയത് കൊടും വേനൽ
കഴിഞ്ഞ വേനലിലെ കൊടുംചൂടാണ് ഉത്പാദനം കുറയാനിടയാക്കിയത്. ജലക്ഷാമം കാരണം കർഷകർക്ക് വേനൽക്കാലത്ത് തോട്ടങ്ങളിൽ നനക്കാൻ പറ്റിയില്ല. ഒരു മാസത്തോളം നന മുടങ്ങിയത് കുലകളുടെയും അടക്കയുടേയും എണ്ണത്തെയും വലുപ്പത്തെയും ബാധിച്ചു
ഒരു കൊല്ലം ചുരുങ്ങിയത് ആറു കുലകളെങ്കിലും ഉണ്ടാകേണ്ടിടത്ത് നാലോ മൂന്നോ കുലകൾ മാത്രമാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു.
മാറുന്നില്ല മഞ്ഞളിപ്പ്
കീട നാശിനി തളിക്കുമ്പോൾ അപ്രത്യക്ഷമാകുന്ന മഞ്ഞളിപ്പ് രോഗം ഏതാനും മാസം കഴിയുമ്പോൾ തീരിച്ചെത്തുന്നു. കമുകിൻ പട്ട മഞ്ഞ നിറത്തിൽ ആകുന്നതാണ് രോഗ ലക്ഷണം.
പ്രധാന വിളകളിലൊന്ന്
കമുകുകൃഷിവിസ്തൃതിയിലും അടയ്ക്ക ഉൽപാദനത്തിലും ഇന്ത്യയിൽ കർണാടകയുടെ പിറകിലായി കേരളം രണ്ടാം സ്ഥാനത്താണ്. കാസർകോട് ജില്ലയിലെ കൃഷിവിസ്തൃതി 12,738 ഹെക്ടറിൽനിന്ന് 21,074 ഹെക്ടറായി കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വർദ്ധിച്ചു. നെൽകൃഷി ആദായകരമല്ലാത്തതും അടയ്ക്കയ്ക്ക് വിപണിയിൽ വില ഉയർന്നതും കൂടുതൽ കമുകു നടുന്നതിന് കർഷകരെ പ്രേരിപ്പിച്ചു.
കേരളത്തിൽ കമുക്
ഹെക്ടർ 96,921
ഉൽപാദനം 92,755 ടൺ
ഉൽപാദനക്ഷമത (ഹെക്ടർ) 957 കിലോ