
കണ്ണൂർ: കെ.പി.സി.സി. അദ്ധ്യക്ഷൻ കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി ശക്തം. അടുത്തിടെ നടപടി നേരിട്ട ചില നേതാക്കളെ ലക്ഷ്യം വച്ച് ബി.ജെ.പി നീക്കം തുടങ്ങിക്കഴിഞ്ഞു. ഡി.സി.സി. ഭാരവാഹികളായിരുന്നവരടക്കമുള്ള ഇവരിൽ ചിലരുമായി ബി.ജെ.പി നേതൃത്വം ചർച്ചകൾ നടത്തിയെന്നാണ് സൂചന.
ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പിയിൽ നിന്നും ലഭിക്കുന്ന വിവരം. മറ്റു പാർട്ടികളിലെ അസംതൃപ്തരായ നേതാക്കളെ ബി.ജെ.പി. പാളയത്തിലെത്തിക്കുകയെന്നത് ബി.ജെ.പി സമീപകാലത്ത് പരീക്ഷിക്കുന്ന പ്രധാന തന്ത്രമാണ്. കോൺഗ്രസിൽ നിന്നു മാത്രം ഒരു ഡസനോളം നേതാക്കളുമായാണ് കണ്ണൂരിൽ ചർച്ചകൾ നടന്നിരിക്കുന്നത്. സമീപകാലത്ത് കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കെത്തി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥിയായ സി.രഘുനാഥ്, കോൺഗ്രസ് വിട്ട പത്മജ വേണുഗോപാൽ തുടങ്ങിയവർക്ക് ചർച്ചകളിൽ നിർണായക റോളുണ്ട്.
സമീപകാലത്ത് കോൺഗ്രസിൽ നിന്ന് നടപടി നേരിട്ട നേതാക്കളും അനുയായികളും പരസ്പരം ചർച്ചകളും നടത്തുന്നുണ്ട്. ഡി.സി.സി. സെക്രട്ടറിമാരായ സത്യൻ നരവൂർ,അഡ്വ. സി.ടി.സജിത്ത് എന്നിവർക്കു നേരെ കഴിഞ്ഞ ആഴ്ച പാർട്ടി നടപടിയുണ്ടായിരുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് എഡ്യൂക്കേഷൻ സൊസൈറ്റിയുമായി ബന്ധപ്പെട്ട് അഴിമതിയാരോപണമുന്നയിച്ച് നിയമപോരാട്ടം നടത്തിയതാണ് സത്യൻ നരവൂരിനെതിരായ നടപടിക്ക് കാരണം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കം പരാതി നൽകി നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് സത്യൻ നരവൂർ. തലശ്ശേരി ഇന്ദിരാഗാന്ധി സഹ.ആശുപത്രി ഭരണസമിതി പ്രസിഡന്റ് കെ.പി.സാജുവിനെതിരെ പരാതി നൽകിയതിനാണ് അഡ്വ.സി.ടി.സജിത്ത് അടക്കമുള്ള നാലു കോൺഗ്രസ് ഡയറക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചത്.
അതൃപ്തരുടെ പൊതുവേദി
കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായ പി.കെ. രാഗേഷ് അടക്കം അതൃപ്തരായ നേതാക്കൾ ചേർന്ന് ഒരു പൊതുവേദിക്ക് രൂപം നൽകാനുള്ള സാദ്ധ്യതയുമുണ്ട്. ഈ അസംതൃപ്ത വിഭാഗത്തെ ഒന്നടങ്കം പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞാൽ നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.