vanara-sadhya

തൃക്കരിപ്പൂർ: പതിനേഴാം വർഷത്തിൽ പതിനേഴ് വിഭവങ്ങളുമായി ഇടയിലക്കാട്ടിലെ വാനരപ്പടക്ക് വിഭവസമൃദ്ധമായ ഓണസദ്യ.നാഗവനത്തിലെ അന്തേവാസികളായ മുപ്പതോളം കുരങ്ങുകൾക്ക് അവിട്ടം നാളിലൊരുക്കിയ പന്തിഭോജനത്തിന് സാക്ഷിയായി ഇക്കുറി പ്രശസ്ത സിനിമാ താരം പി.പി. കുഞ്ഞികൃഷ്ണനുമുണ്ടായിരുന്നു.

റോഡരികിലൊരുക്കിയ ഡസ്ക്കുകളിൽ വിഭവങ്ങൾ നിരത്തും മുമ്പെ കുരങ്ങുകൾ നിലയുറപ്പിച്ചിരുന്നു. വിളമ്പുകാരെ കാണാതെ വാനരസംഘം കെട്ടിത്തൂക്കിയ പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങൾ വലിച്ചെറിഞ്ഞ് വികൃതിയും കാട്ടി. ഇരുപത് വർഷക്കാലം മുറതെറ്റാതെ ചോറൂട്ടിയ ചാലിൽ മാണിക്കമ്മ അസുഖം കാരണം ഇക്കുറി നാഗവനത്തിൽ എത്തിയില്ല. എങ്കിലും അവർ വച്ചുണ്ടാക്കിയ ഉപ്പു ചേർക്കാത്ത ചോറ് സംഘാടകരായ നവോദയ ഗ്രന്ഥാലയം ബാലവേദിക്ക് പ്രവർത്തകർക്ക് കൈമാറിയിരുന്നു. ഗ്രന്ഥശാല പ്രവർത്തകർ പഴവും പച്ചക്കറികളും ഒക്കെ അടങ്ങിയ വിഭവങ്ങളുമായി എത്തിയതോടെ വാനരന്മാരും ഉത്സാഹത്തിലായി. പപ്പായ, കക്കിരി, വെള്ളരി, സപ്പോട്ട, പേരയ്ക്ക, പാഷൻ ഫ്രൂട്ട്, സീതാപ്പഴം, മാങ്ങ, ക്യാരറ്റ്, തണ്ണിമത്തൻ, ബീറ്റ്റൂട്ട്, തക്കാളി, കൈതച്ചക്ക, ഉറുമാൻ പഴം, നേന്ത്രപ്പഴം,നെല്ലിക്ക എന്നിവയ്ക്കൊപ്പും ചോറുമായാണ് പതിനേഴ് വിഭവങ്ങൾ വാഴയിലയിൽ നിരത്തിയത്.

ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ തന്നെ വെള്ളവും നൽകി. ഇടയിലെക്കാട് കാവിനടുത്ത റോഡരികിലാണ് ഡസ്ക്കുകളും കസേരകളും നിരത്തിയുള്ള സദ്യ. സിനിമാ ഷൂട്ടിംഗിന്റെ തിരക്കിനിടയിലാണ് നടൻ പി.പി.കുഞ്ഞികൃഷ്ണനും സദ്യ കാണാനെത്തിയത്. സദ്യ കഴിഞ്ഞതോടെ വയറു നിറഞ്ഞ വാനരന്മാർ കാട്ടുമരച്ചില്ലകളിൽ കിടന്നുമറിഞ്ഞ് ആഹ്ലാദം പുറത്തുകാട്ടി. കുരങ്ങുകളുടെ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കാത്ത വിധം പഴങ്ങളും പച്ചക്കറികളും ഭക്ഷണമായി നൽകുകയെന്ന ബോധവത്ക്കരണത്തിലൂന്നിയും ഓണം സഹജീവികൾക്കു കൂടിയുള്ളതാണെന്ന സന്ദേശം പകരുന്നതുമായിരുന്നു ഇക്കുറിയുള്ള വാനരസദ്യ. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വേണുഗോപാലൻ ,ഗ്രന്ഥാലയം സെക്രട്ടറി വി.കെ.കരുണാകരൻ, പ്രസിഡന്റ് കെ.സത്യവ്രതൻ, ബാലവേദി കൺവീനർ എം.ബാബു, വി.റീജിത്ത്,വി.ഹരീഷ്, എം.ഉമേശൻ, പി.വി.സുരേശൻ, സി ജലജ, സ്വാതി സുജീഷ് എന്നിവർ നേതൃത്വം നൽകി .