kazhakam

പാലക്കുന്ന്: തെക്കൻ ജില്ലകളിൽ അത്തം മുതൽ പത്ത് ദിവസമാണ് ഓണാഘോഷമെങ്കിൽ ഉത്തര മലബാറുകാർക്ക് ചിങ്ങം അവസാനിക്കും വരെയാണ് ഓണത്തിന്റെ അനുഷ്ഠാനം. ജില്ലയിൽ തിങ്കളാഴ്ച സന്ധ്യാദീപത്തിന് ശേഷം വാമനമൂർത്തിക്കുള്ള നിവേദ്യമാണെന്ന സങ്കൽപ്പത്തിൽ പടിഅപ്പം വിളമ്പി ഓണ മാസത്തോട് വിടപറഞ്ഞു.

ചിങ്ങ വെള്ളവും കുറി വരയ്ക്കലും പൂവിടലുമാണ് ഇവിടെ ചിങ്ങത്തിലെ പ്രധാന ചടങ്ങുകൾ. തീർത്തും ആഡംബരമൊഴിവാക്കി ലളിതമായ അനുഷ്ഠാനമാണിത്. ചിങ്ങം അവസാന ദിവസമായ കന്നി സംക്രമത്തിന്റെ ഭാഗമായി ഇന്നലെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടിൽ കെട്ടിച്ചുറ്റിയ തെയ്യങ്ങൾ ഭക്തർക്ക് ദർശനം നൽകി. ഒരു മാസമായി പള്ളിയറയിൽ കെടാവിളക്കായി അനുഷ്ഠിച്ചുവന്ന 'നന്ദാർ ദീപ' ത്തിനും ഇതോടെ സമാപനമായി.

ചിങ്ങത്തോട് വിടപറയുന്നതിന്റെ ഭാഗമായി വാതിൽ പടികളിലും മുറ്റത്തും രാവിലെ വരച്ച കുറി മായ്ച്ചശേഷം സന്ധ്യയ്ക്ക് വീണ്ടും വരച്ചു. വാതിൽ പടികളിൽ പ്ലാവില വെച്ച് അതിൽ പടി അപ്പം വിളമ്പി തിരി തെളിച്ചു. ഉപ്പും മധുരവും ചേർക്കാതെ അടരൂപത്തിൽ ചുട്ടെടുക്കുന്നതാണ്‌ പടി അപ്പം. മഞ്ഞൾ ഇലയിൽ മധുരം ചേർത്ത അട പ്രത്യേകമായി വേറെയും ഉണ്ടാക്കി. പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലും വയനാട്ടുകുലവൻ തറവാടുകളിലും വീടുകളിലും ഇന്നലെ സന്ധ്യാദീപത്തിന് ശേഷം ഈ ചടങ്ങുകൾ പൂർത്തിയായി.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടിൽ കന്നിസംക്രമ ദിനത്തിൽ കെട്ടിചുറ്റിയ തെയ്യങ്ങൾ ഭക്തർക്ക് മഞ്ഞൾ കുറി നൽകുന്നു