
കണ്ണൂർ: മയ്യിൽ കുറ്റിയാട്ടൂർ ഉരുവച്ചാലിലെ ഒരു പഴഞ്ചൻ കെട്ടിടം. അറുപഴഞ്ചൻ ത്രാസ്, പിന്നെ ഭരണികളിൽ കുറച്ച് ബിസ്‌കറ്റ്, മിഠായി, പിന്നെ നാളികേരം, ബീഡി, സിഗരറ്റ് അങ്ങനെ കുറച്ചു സാധനങ്ങൾ സൂക്ഷിച്ച കടയിൽ കോണിപ്പടിയോട് ചേർന്ന് ഏതുസമയത്തും പുസ്തകത്തിൽ മുഖം പൂഴ്ത്തിനിൽക്കുന്ന ഒരാൾ.സിമന്റു തേപ്പടർന്ന ചുമരിനരികിലെ ഉറകുത്തിയ പഴയ മരബഞ്ചിൽ കിട്ടാവുന്ന ഡിക്ടറ്റീവ് നോവലുകളൊക്കെ വായിച്ചുതീർക്കുന്ന കടക്കാരൻ പോക്കർ.
സാധനങ്ങൾ കുറവായതിനാൽ വാങ്ങാൻ അധികം ആളുകളൊന്നും എത്തില്ല. അതുകൊണ്ട് തന്നെ മിക്ക സമയവും പോക്കർ ഏകാന്തതയിലാണ്. ഒകച്ചവടത്തെക്കാൾ അയാൾക്ക് ഇഷ്ടം വായനയാണ്. ആർതർ കോനൻ ഡോയൽ മുതൽ മലയാളത്തിലെ പുതുതലമുറക്കാരുടെ വരെ പുസ്തകങ്ങൾ പോക്കർ ഇതിനകം വായിച്ചു തീർത്തു. കഥകൾ, ആത്മകഥകൾ, ചരിത്രം എന്നിവയും വായിക്കും.
രാവിലെ എത്തി കട തുറക്കുന്നതോടെ പുസ്തകത്തിലൂടെയുള്ള പോക്കറുടെ സഞ്ചാരം തുടങ്ങും.
സങ്കീർണമായ ഒരു കേസിന്റെ കുരുക്ക് അഴിയുന്നത് പോക്കറുടെ മുഖത്ത് നിന്ന് നാട്ടുകാർ വായിച്ചെടുക്കും. പോക്കറിന്റെ പുസ്തക ധ്യാനം ഈ നാട്ടുകാർക്ക് അത്രയ്ക്ക് പരിചിതമാണ്. സാധനങ്ങൾക്കായി ആളുകൾ കയറിവന്നാൽ ഞെട്ടൽ മാറാത്ത മുഖത്ത് നിന്നാകും മറുപടി. ഉരുവച്ചാലിൽ 40 വർഷമായി കൊച്ചുകടയും അതിലെ വായനയും മുടങ്ങിയിട്ടില്ല. അവധിയില്ലാതെ പോക്കർ എന്നും കട തുറക്കുന്നതിനുള്ള കാരണം മനസമാധാനത്തോടെ വായിക്കാനുള്ള ഒരിടമാണ് ഇദ്ദേഹത്തിന് കട.
സാധനം വാങ്ങാൻ വരുന്നവർ താൽപര്യമുള്ളവരാണെങ്കിൽ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിലെ കഥ പോക്കറിൽ നിന്ന് കിട്ടും. തേങ്ങ വാങ്ങി കൊപ്രയാക്കി ടൗണിൽ കൊണ്ടുപോയി വിൽക്കുന്നതിനും ഇദ്ദേഹം ഇതിനിടയിൽ സമയം കണ്ടെത്തും.75കാരനായ പോക്കർ ഇതിനോടകം ആയിരത്തിലേറെ പുസ്തകങ്ങൾ വായിച്ചു തീർത്തിട്ടുണ്ട്. സമീപത്തെ വായനശാലയിൽ നിന്നാണ് പുസ്തകങ്ങൾ എടുക്കുന്നത്.. അഞ്ച് പെൺമക്കളാണ് പോക്കറിന്. അഞ്ചു പേരും ഭർത്തൃവീടുകളിൽ സമാധാനത്തോടെ കഴിയുന്നു. ഇനി വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല.. പുതിയ ഡിക്ടറ്റീവ് പുസ്തകങ്ങൾ കിട്ടിയാൽ കൊള്ളാമെന്ന ഒറ്റ ആഗ്രഹം മാത്രം..