point-of-call

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താനുള്ള അനുമതിക്ക് (പോയന്റ് ഓഫ് കോൾ പദവി) മുന്നിൽ അയവ് കാട്ടാതെ കേന്ദ്രസർക്കാർ. പോയിന്റ് ഒഫ് കാൾ പദവി മെട്രോ നഗരങ്ങൾ മാത്രമായി നിജപ്പെടുത്തിയ കേന്ദത്തിന്റെ നിലപാട് കണ്ണൂരിന്റെ കാര്യത്തിൽ മാത്രമാണ് കർക്കശമാക്കിയിട്ടുള്ളത്. രാജ്യത്ത് മെട്രോ നഗരമില്ലാത്ത ഇടങ്ങളിലെ വിമാനത്താവളങ്ങളിൽ വിദേശ സർവീസുകൾ അനുവദിച്ചിരിക്കെയാണ് കേന്ദ്രം കണ്ണൂരിനോട് മുഖം തിരിഞ്ഞുനിൽക്കുന്നത്.

എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ കമ്പനികൾ മാത്രമാണ് നിലവിൽ കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്നത്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് കഴിഞ്ഞവർഷം സർവീസ് നിർത്തി. പ്രവർത്തനം തുടങ്ങി ആറുവർഷമായിട്ടും ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരിൽനിന്ന് അന്താരാഷ്ട്ര സർവീസുകളുള്ളത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വിമാനത്താവള കമ്പനിയായ കിയാൽ കടന്നുപോകുന്നത്.

ഇരുളടഞ്ഞ് വികസനസ്വപ്നം
കണ്ണൂർ ജില്ലയ്ക്കും കാസർകോട്, വയനാട്, കോഴിക്കോട് ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങൾക്കും പ്രയോജനകരമായ കണ്ണൂർ എയർപോർട്ട് കൂർഗ്, മൈസൂർ, മംഗലാപുരം എന്നിവിടങ്ങളിലെ യാത്രക്കാരുടെ ബദൽ എയർപോർട്ട് കൂടിയാണ്. പോയിന്റ് ഓഫ് കോൾ ലഭ്യമാകാത്തത് കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റാനും ചരക്ക് നീക്കത്തിനും വിമാനത്താവളം ഉപയോഗപ്പെടുന്നില്ല. വിമാന കമ്പനികളുടെ എണ്ണക്കുറവ് മൂലം കണ്ണൂരിൽ ക്കറ്റ് നിരക്കും കൂടുതലാണ്.കണ്ണൂർ എയർപോർട്ടിൽ കോഡ് ഇ വിമാനങ്ങൾക്ക് സർവീസ് നടത്താൻ എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉണ്ട്. എം.ആർ.ഒ, എയ്‌റോ സിറ്റീസ്, ഏവിയേഷൻ അക്കാഡമികൾ എന്നിവയ്ക്ക് ആവശ്യമായ ഭൂമിയും ഇവിടെ ലഭ്യമാണ്.


ഹജ്ജ് പുറപ്പെടൽ കേന്ദ്രമായിട്ടും

ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി തുടർച്ചയായി രണ്ട് തവണ കണ്ണൂരിനെ തിരഞ്ഞെടുത്തിട്ടും കേന്ദ്രം നിലപാട് മാറ്റുന്നില്ല. ഉടമകളായ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) അധികൃതർ പോയന്റ് ഓഫ് കോൾ പദവിക്കായി വ്യോമയാന മന്ത്രാലയത്തിൽ തുടക്കത്തിൽ തന്നെ അപേക്ഷ നൽകിയിരുന്നു. കണ്ണൂരിൽനിന്നുള്ള എം.പിമാർ പാർലിമെന്റിന്റെ ഇരുസഭകളിലും തുടർച്ചയായി വിഷയം ഉന്നയിക്കുന്നുമുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫിസിലാണ് ഇതുസംബന്ധിച്ച ഫയൽ ഇപ്പോഴുള്ളത്. പ്രധാനമന്ത്രിയുടെ നിലപാടാണ് വിഷയത്തിൽ നിർണായകം.
പോയിന്റ് ഓഫ് കോൾ പദവി നൽകിയില്ലെങ്കിലും കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ പരിഗണിക്കാമെന്ന കേന്ദ്ര വ്യോമയാന മന്ത്രിയുടെ ഉറപ്പാണ് ഇതിൽ ആകെയുള്ള പ്രതീക്ഷ.കഴിഞ്ഞ വർഷം വിമാനത്താവളം സന്ദർശിച്ച വ്യോമയാന പാർലമെന്ററി സമിതി സൗകര്യങ്ങളിൽ പൂർണ തൃപ്തി രേഖപ്പെടുത്തിയിരുന്നു.

സമരവഴിയിൽ ആക്ഷൻ കൗൺസിൽ

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് തിരുവോണ നാളിലാണ് സമരം ആരംഭിച്ചിരുന്നു. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റുചെയ്തതിനെ തുടർന്ന് പ്രവർത്തകർ റിലേ സമരം നടത്തുകയാണ് ഇപ്പോൾ.അനിശ്ചിതകാല സമരം തുടരുമെന്ന് ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോഓഡിനേറ്റർ മുരളി വാഴക്കോടൻ അറിയിച്ചു.