കണ്ണൂർ: വളപട്ടണം പുഴയിൽ പറശ്ശിനി പാലം മുതൽ അഴീക്കൽ വരെ മുക്കിലും മൂലയിലും രാത്രി വ്യാപകമായി അനധികൃത മണലൂറ്റ്. മണലൂറ്റ് നിയന്ത്രിക്കുന്നതിൽ അധികൃതർ കാട്ടുന്നത് ഗുരുതര വീഴ്ചയും. മയ്യിൽ, കൊളച്ചേരി, നാറാത്ത്, ചിറക്കൽ, പാപ്പിനിശ്ശേരി, വളപട്ടണം, അഴീക്കോട്, മാട്ടൂൽ പഞ്ചായത്തുകളുടെ പരിധിയിൽ മാത്രം മുപ്പതിലധികം അനധികൃത മണലൂറ്റ് കേന്ദ്രങ്ങളുണ്ടെന്നാണ് കണക്ക്. യന്ത്രങ്ങൾ ഘടിപ്പിച്ച ഫൈബർ തോണികളും സാധാരണ തോണികളും തലങ്ങും വിലങ്ങും മണലൂറ്റുന്നുവെന്നാണ് പരാതി. രാത്രി ഒൻപതിനുശേഷമാണ് സംഘങ്ങളുടെ പ്രവർത്തനം. മണൽ പുലർച്ചെയോടെ തീരത്തെ രഹസ്യകേന്ദ്രങ്ങളിലെത്തിക്കും. ഇതിന് പ്രത്യേക സംഘങ്ങളുണ്ട്. പൊലീസ് വാഹനമെങ്ങാനും അതുവഴി വന്നാൽ ഇവരെ വിവരമറിയിക്കാൻ നിരവധി ഏജന്റുമാരുമുണ്ട്. മണൽ കടത്തുന്ന വാഹനങ്ങൾക്ക് അകമ്പടിപോകാനും സംഘമുണ്ട്. വളപട്ടണം എസ്.ഐയെയും സംഘത്തെയും ഒരുമാസം മുൻപ് മണലൂറ്റ് സംഘം അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു.
അഴീക്കൽ തുറമുഖ പരിധിയിൽ ലൈസൻസുള്ള കടവുകൾ മുൻപ് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയാണ് മണൽ നൽകിയിരുന്നത്. 100 അടിക്ക് ദൂരമനുസരിച്ച് 9,000 രൂപയ്ക്കുവരെ മണൽ ആവശ്യക്കാർക്ക് ലഭിച്ചിരുന്നു. എന്നാൽ അനധികൃതമായി ഊറ്റുന്ന മണൽ 12,000 മുതൽ 14,000 വരെ വിലയീടാക്കിയാണ് ആവശ്യക്കാർക്ക് നൽകുന്നത്.
അനധികൃത മണൽക്കൊള്ള തടയാൻ ശ്രമിക്കാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പരിസ്ഥിതി സംഘടനകളും പ്രകൃതി സ്‌നേഹികളും കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. പരിസ്ഥിതി ദോഷമില്ലാത്ത മേഖലയിൽനിന്ന് മണൽ ഖനനംചെയ്ത് സർക്കാർ ഖജനാവിലേക്ക് പ്രതിദിനം ലക്ഷങ്ങളെത്തിച്ചിരുന്ന സംവിധാനം ഒരു കാരണവുമില്ലാതെ നിർത്തിവച്ചത് എന്തിനാണെന്ന ചോദ്യമാണ് ഇവർ ചോദിക്കുന്നത്.
തുറമുഖ വകുപ്പിന്റെ കടവുകൾ
20 മാസമായി നിശ്ചലം
തുറമുഖ വകുപ്പിന്റെ കടവുകൾ നിശ്ചലമായിട്ട് 20 മാസം കഴിഞ്ഞു. അഴീക്കൽ തുറമുഖ പരിധിയിൽ പ്രവർത്തിച്ചിരുന്ന കടവുകൾ അടഞ്ഞിട്ടും 20 മാസമായി. 2022 ഡിസംബർ മുതലാണ് കടവുകൾ നിശ്ചലമായത്.
ഇതിൽ പാപ്പിനിശ്ശേരി പഞ്ചായത്തിലെ രണ്ടും വളപട്ടണത്തെ മൂന്നും അഴീക്കോട്ടെ രണ്ടും മാട്ടൂലിലെ ഒരു കടവും ഉൾപ്പെടും. ഈ കടവുകൾ വഴി പ്രതിദിനം നൂറുകണക്കിന് ലോഡ് മണൽ ഖനനംചെയ്ത് ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴി വിതരണം നടത്തിയിരുന്നു.
പുഴ
കര കവരുന്നു
വളപട്ടണം പുഴയിലെ അനധികൃത മണലൂറ്റ് കാരണം പുഴയുടെ പല ഭാഗവും ഇടിയുന്നുണ്ട്. പലയിടത്തും തീരത്തുള്ള തെങ്ങുകളും മരങ്ങളും കൽഭിത്തികളും പുഴയെടുത്തുകഴിഞ്ഞു. കൂടാതെ പറശ്ശിനിക്കടവിനും വളപട്ടണത്തിനും ഇടയിലെ നിരവധി കൊച്ചുദ്വീപുകളും കടുത്ത ഭീഷണിയിലാണ്. ഇതിൽ സ്വകാര്യ വ്യക്തികളുടെയും തദ്ദേശസ്ഥാപനങ്ങളുടേതുമായ കൊച്ചുദ്വീപുകളും ഉൾപ്പെടും.