നീലേശ്വരം: മരത്തിൽ മനോഹര ശില്പങ്ങൾ തീർത്ത് ശ്രദ്ധേയനാവുകയാണ് മടിക്കൈ പൂത്തക്കാൽ മോരാങ്കലം സ്വദേശി കെ.കെ സുകുമാരൻ. കൽപ്പണിക്കാരനായ സുകുമാരൻ കഴിഞ്ഞ 25 വർഷത്തോളമായി ശില്പകലയിൽ പരീക്ഷണങ്ങൾ നടത്തുന്നു. പാഴ് മരങ്ങളും വേരുകളുമാണ് സുകുമാരന്റെ കരവിരുതിൽ ശില്പങ്ങളായി മാറുന്നത്.
പരമ്പര്യത്തിന്റെയോ ശിക്ഷണത്തിന്റെയോ പിൻബലമില്ലാത്ത സുകുമാരൻ കൽപ്പണിയിലെ കൈവഴക്കം മുതലാക്കിയാണ് ശില്പകലയിലേക്ക് തിരിഞ്ഞത്. ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് ശില്പ നിർമ്മാണം. ആദ്യമായി പരീക്ഷിച്ചത് വാൽക്കിണ്ടിയാണ്. അത് വിജയിച്ചതോടെ പിന്നീട് നാഗങ്ങളും പക്ഷികളും മരച്ചങ്ങലകളും, നിലവിളക്ക്, പൂക്കൾ കൊത്തിയ പ്ലെയിറ്റുകൾ, കൊക്ക്, നാഴി, ഇടങ്ങഴി , മറ്റ് കൗതുകരൂപങ്ങളും തന്റെ കരവിരുതിൽ കൊത്തിയെടുത്തു. സീമക്കൊന്നയുടെ കാതലിൽ തീർത്ത ആനക്കൊമ്പുകൾ ഒറിജനലിനോട് കിടപിടിക്കുന്നതാണ്.
ജോലി സ്ഥലത്തു നിന്നും മറ്റും ശേഖരിക്കുന്ന വേരുകളും മരക്കഷ്ണങ്ങളുമാണ് ശില്പ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. സുഹൃത്തുക്കളും മറ്റും പോത്സാഹിപ്പിച്ചതോടെ വിശ്രമവേളകൾ പൂർണമായും ശില്പ നിർമാണത്തിന് ഉപയോഗിക്കുകയാണ് ഇപ്പോൾ സുകുമാരൻ. ഭാര്യ രമയും, മകൻ മഹേഷും പൂർണ പിന്തുണയുമായി സുകുമാരന് കൂടെയുണ്ട്. ഗൃഹ പ്രവേശനത്തിനും മറ്റും സമ്മാനങ്ങളായി തന്റെ ശില്പങ്ങൾ നൽകിയിട്ടുണ്ട്. ആവശ്യപ്പെട്ടാൽ ദാരുശില്പങ്ങൾ കൊത്തി നൽകാൻ സുകുമാരൻ തയ്യാറാണ്.