
കണ്ണൂർ: കേരളത്തിൽ നിന്ന് ഐസിസിലേക്ക് നടന്ന റിക്രൂട്ട്മെന്റ് ഗൗരവമായി കാണണമെന്ന പി.ജയരാജന്റെ പ്രസ്താവനയോട് മൗനം പാലിച്ച് സി.പി.എം. എന്നാൽ ബി.ജെ.പി അനുകൂല സൈബർ പേജുകൾ പരോക്ഷമായും കത്തോലിക്ക സഭ പ്രത്യക്ഷത്തിലും ജയരാജനെ പിന്തുണച്ച് രംഗത്തെത്തി.
മതതീവ്രവാദ ആശയം ചിലരെ സ്വാധീനിക്കുന്നുവെന്നും കണ്ണൂരിൽ നിന്നടക്കം ചെറുപ്പക്കാർ ഭീകര സംഘടനയുടെ ഭാഗമായെന്നുമാണ് പി. ജയരാജൻ പറഞ്ഞത്. ജമാ അത്തെ ഇസ്ലാമിയും, പോപ്പുലർ ഫ്രണ്ടും അപകടകരമായ ആശയതലം സൃഷ്ടിക്കുന്നുവെന്നും മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും എന്ന ഇറങ്ങാനിരിക്കുന്ന പുസ്തകം സംബന്ധിച്ച വിശദീകരണത്തിൽ ജയരാജൻ പറഞ്ഞു. കാശ്മീരിലെ കുപ്വാരയിൽ കണ്ണൂരിൽ നിന്നുള്ള നാല് ചെറുപ്പക്കാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
''രാഷ്ട്രീയ ഇസ്ലാമിനെ സി.പി.എം എല്ലാകാലത്തും അകറ്റിനിറുത്തിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ ഐസിസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതായി പറഞ്ഞിട്ടില്ല. മുൻപ് വിരലിലെണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു
പി.ജയരാജൻ (ഫേസ് ബുക്കിൽ കുറിച്ചത്)
 പൊടിക്കൈയെന്ന് സോളിഡാരിറ്റി
കേരളത്തിൽനിന്ന് ഐസിസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പി. ജയരാജന്റെ പ്രസ്താവനയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇസ്ലാമോഫോബിയയുടെ അന്തരീക്ഷത്തിൽ വിളവെടുക്കാൻ ഇറങ്ങിയ ജയരാജനും പാർട്ടിയും ചരിത്രത്തിൽ നിന്നും അനുഭവത്തിൽ നിന്നും ഒന്നും പഠിച്ചിട്ടില്ല. സംഘപരിവാറിലേക്ക് ഒഴുകുന്ന അണികളെ പിടിച്ചുനിറുത്താൻ ഇത്തരം പൊടിക്കൈകൾ മതിയാവില്ലെന്നും സോളിഡാരിറ്റി വ്യക്തമാക്കി.
എന്നാൽ ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖംമൂടി മാറ്റാൻ ജയരാജനെപ്പോലെ ആരെങ്കിലും വരുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് കത്തോലിക്കാ സഭാ പ്രസിദ്ധീകരണത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. പി.ജയരാജൻ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സി.പി.എം കാണാനിടയില്ലെന്ന വിമർശനവുമുണ്ട്. മതവർഗീയത വളരാൻ സാഹചര്യമൊരുക്കിയത് ഇസ്ലാമിക തീവ്രവാദമാണ്. മതേതര സമൂഹത്തിനുമേൽ ഇഴഞ്ഞുകയറിയ രാഷ്ട്രീയ ഇസ്ലാമിനെ സി.പി.എമ്മും മറ്റു പാർട്ടികളും തള്ളിപ്പറയുമെന്നോയെന്നും മുഖപ്രസംഗത്തിൽ ചോദിച്ചു.