train

കണ്ണൂർ: വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാൻ പാടുപെട്ട് നാട്ടിലെത്തിയ വിദേശമലയാളികൾക്കും അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നവർക്കും അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മടക്കയാത്ര കൂടുതൽ ദുരിതപൂർണം. വിദേശത്തേക്കുള്ള വിമാനസർവീസുകൾ വൻതോതിൽ ചാർജ് കൂട്ടിയപ്പോൾ അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടവർ നെട്ടോട്ടമോടുന്നവരുടെ ദയനീയ കാഴ്ചയാണ് റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും.

ആഴ്ചകൾക്കു മുൻപേ ടിക്കറ്റ് റിസർവ് ചെയ്തിട്ടും വെയിറ്റിംഗ് ലിസ്റ്റിലാണ് ഭൂരിഭാഗവും. ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മംഗളൂരു വണ്ടികളിലെല്ലാം വെയിറ്റിംഗ് ലിസ്റ്റ് നൂറിനുമുകളിലാണ്. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ സ്റ്റേഷനുകളിൽനിന്ന് മംഗളൂരു, ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഏറനാട്, ഇന്റർസിറ്റി, പരശുറാം തുടങ്ങിയ പകൽവണ്ടികളിൽ കാലുകുത്താനും ഇടമില്ല.
ഇത്തവണ സ്‌പെഷൻ ട്രെയിനുകളും അധിക കോച്ചുകളും പേരിന് മാത്രമാണ് അനുവദിച്ചത്. പാലക്കാട് ഡിവിഷനിൽ പ്രഖ്യാപിക്കപ്പെട്ട സ്‌പെഷൽ ട്രെയിനുകളിൽ മിക്കവയും വടക്കേമലബാറിന്റെ യാത്രാദുരിതത്തിന് പരിഹാരമായില്ല. മലയാളികൾക്ക് ബംഗളൂരുവിലെത്താൻ നഗരത്തലേക്കും തിരിച്ച് നാട്ടിലെത്താനും രണ്ടു ട്രെയിനുകൾ മാത്രമാണ് ദിവസേനയുള്ളത്. കണ്ണൂർ ബംഗളൂരു എക്സ്പ്രസ്, കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് എന്നീ വണ്ടികളിൽ ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിലാണ്.

ഓണം സീസണിൽ യാത്രാപ്രശ്നം ചർച്ചയാകുന്നുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും പരിഹാരങ്ങളൊന്നുമുണ്ടാകുന്നില്ല. അന്തർ സംസ്ഥാന ബസുടമകൾ ഇത് നന്നായി മുതലെടുക്കുന്നു. ഓണാവധിക്ക് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുമ്പ് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുന്ന രീതിയാണ് റെയിൽവേയുടേത്. വൈകി പ്രഖ്യാപിക്കുന്ന സ്‌പെഷ്യൽ ട്രെയിൻ യാത്രക്കാർക്ക് പൊതുവെ സഹായമാകുന്നില്ല.


നിരക്കുയർത്തി ബസുകൾ

ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്തതോടെ സ്വകാര്യബസുകൾ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. കണ്ണൂരിൽ നിന്ന് ബംഗളൂരുവലേക്ക് 1000 രൂപയിലധികമാണ് നിരക്ക്. സ്ലീപ്പർ ബസുകൾക്ക് 1500ന് മുകളിലും.

വിമാന ടിക്കറ്റിൽ അഞ്ചിരട്ടി വർദ്ധന

കഴിഞ്ഞ മാസം 15ന് ശേഷം വിമാന നിരക്കിൽ അഞ്ചിരട്ടി വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും സാധാരണ 12,000 രൂപ മുതൽ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകൾക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലായി. പ്രവാസികളോടുള്ള വിമാന കമ്പനികൾ സ്വീകരിക്കുന്ന കൊള്ള കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമുണ്ടായിട്ടില്ല. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള കമ്പനികളുടെ അധികാരത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ് മറുപടി. കഴിഞ്ഞ ആഴ്ച ബംഗളൂരിൽ നിന്നും കണ്ണൂരിലെത്താനുള്ള ഇൻഡഗോ വിമാന നിരക്ക് 5300 മുതൽ 8250 വരെയായിരുന്നു.