madappura
പനയോല കൊണ്ടുള്ള മടപ്പുര

പയ്യാവൂർ: കുന്നത്തൂർ പാടിയിലെ അടിയാൻ ഗോത്ര വിഭാഗത്തിന്റെ പുത്തരി ആഘോഷം 22ന്. അടിയാന്മാരുടെ അധിവാസ കേന്ദ്രത്തിലാണ് പുത്തരി നടത്തുന്നത്. അതിനായി പനയോല കൊണ്ടുള്ള മടപ്പുര തയ്യാറാക്കി കഴിഞ്ഞു. കന്നി മാസത്തിലാണ് അടിയന്മാർ പുത്തരി നടത്താറുള്ളത്. മുത്തപ്പന് പൈങ്കുറ്റി വച്ചതിനു ശേഷം
രണ്ട് അടിയാത്തികൾ അടിയാന്മാരുടെ തോട്ടിൽ കുളിക്കാൻ പോകുന്നതോടെയാണ് ചടങ്ങ് തുടങ്ങുക. കുളിച്ചു വരുന്ന അടിയാത്തികൾ ആരും കാണാതെ മടപ്പുരയിൽ വച്ച് നെല്ല് കുത്തും. അതിനു ശേഷം സ്ഥാനികനായ ചന്ദൻ തോട്ടിൽ കുളിച്ച് വെള്ളവുമായി വന്ന് മടപ്പുരയിൽ ആരും കാണാതെ തന്നെ മുത്തപ്പനും മൂലം പെറ്റ അമ്മക്കുമുള്ള പുത്തരിച്ചോറും മത്തൻ കൊണ്ട് കറിയും തയ്യാറാക്കി നിവേദിക്കും.
അതിനു ശേഷം മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടും. പിറ്റേ ദിവസം മറു പുത്തരിയോടെ പുത്തരി ചടങ്ങുകൾ അവസാനിക്കും. അടിയാന്മാരുടെ പുത്തരിക്കു ശേഷമാണ് പൊടിക്കളത്തിൽ പുത്തരി നടത്താറുള്ളത്.